ഇസ്രായേൽ-ഗാസ യുദ്ധം രൂക്ഷമാകുന്നതിനിടെ ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹറിന്റെ സന്ദേശം പുറത്ത്. ഇസ്രായേൽ മാത്രമല്ല, ലോകം മുഴുവൻ ഹമാസിന്റെ കാൽക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സന്ദേശത്തിൽ അൽ സഹർ പറഞ്ഞു. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് അൽ സഹറിന്റെ മുന്നറിയിപ്പ്
ഭൂലോകത്തിന്റെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ തങ്ങളുടെ കീഴിലാകും. അനീതിയും അടിച്ചമർത്തലും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഇല്ലാത്ത ഒരു സംവിധാനമാണ് ലക്ഷ്യം. പലസ്തീനികൾക്കെതിരെയും അറബികൾക്കെതിരെയും സിറിയ, ലെബനൻ, ഇറാഖ് രാജ്യങ്ങൾക്കെതിരെയും ഇപ്പോൾ നടക്കുന്നത് അടിച്ചമർത്തലാണെന്നും അൽ സഹർ പറഞ്ഞു. ഈ വിഡിയോ പുറത്തുവന്നതിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചിട്ടുണ്ട്. ഹമാസിനെതിരായ പോരാട്ടം തുടരുമെന്നാണ് നെതന്യാഹു പറയുന്നത്. കര ആക്രമണത്തിലൂടെ ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.