ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ്; ടെൽ അവീവിൽനിന്ന് ആദ്യ വിമാനം ഇന്നു രാത്രി പുറപ്പെടും

Advertisement

ന്യൂഡൽഹി: ഇസ്രയേൽ – ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ സംഘർഷ ബാധിത പ്രദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടിക്കു തുടക്കം. ‘ഓപ്പറേഷൻ അജയ്’ എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്നു രാത്രി ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിന്നും പുറപ്പെടും.

നാട്ടിലേക്കു മടങ്ങാൻ താൽപര്യമുള്ള എല്ലാ ഇന്ത്യക്കാർക്കും ‘ഓപ്പറേഷൻ അജയ്’ എന്ന ദൗത്യപ്രകാരം സൗകര്യമൊരുക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചിരുന്നു. ഇതിന്റെ തയാറെടുപ്പുകൾ ജയശങ്കർ വിലയിരുത്തി. ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

ഇസ്രയേലിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹമറിയിച്ച് പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ ആദ്യ ബാച്ചാണ് ഇന്നു രാത്രി പുറപ്പെടുക. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിക്ക രാജ്യങ്ങളും പൗരൻമാരെ ഇസ്രയേലിൽനിന്ന് ഒഴിപ്പിക്കാൻ ആരംഭിച്ചിരുന്നു.

ടെൽ അവീവിൽനിന്ന് ഡൽഹിയിലേക്കു ചാർട്ടേഡ് വിമാനം തയാറാണെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം നാട്ടിലേക്കു മടങ്ങാൻ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മെയിൽ അയച്ചു. ഇസ്രയേൽ സമയം ഇന്നു രാത്രി ഒൻപത് മണിക്ക് ടെൽ അവീവിൽനിന്ന് വിമാനം പുറപ്പെടുമെന്നാണ് അറിയിപ്പ്. ഇന്ത്യൻ സമയം ഇസ്രയേൽ സമയത്തേക്കാൾ രണ്ടര മണിക്കൂർ മുന്നോട്ടായതിനാൽ, ഇന്ത്യൻ സമയം രാത്രി 11.30നാകും വിമാനം പുറപ്പെടുക.

വിമാനത്തിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്ന മെയിലിൽ, പൂരിപ്പിക്കാനായി ഒരു ഗൂഗിൾ ഫോമുമുണ്ട്. ഇതു പൂരിപ്പിക്കുമ്പോഴാണ് വിമാനയാത്രയ്ക്കുള്ള സ്ഥിരീകരണം ലഭിക്കുക. ഒരാൾക്ക് പരമാവധി 23 കിലോഗ്രാം വരെ ഭാരമുള്ള ലഗേജ് ആണ് അനുവദിക്കുക. അതിനു പുറമെ ഒരു ക്യാബിൻ ലഗേജും അനുവദിക്കും.

സംഘർഷ ബാധിത മേഖലയിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഇസ്രയേലിലെ ഇന്ത്യൻ എംബസി ഹെൽപ്‌ലൈൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ശാന്തത കൈവിടരുതെന്നും സമയാസമയത്ത് എംബസി നൽകുന്ന സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു.