‘ഗർഭിണിയെ കൊന്ന് വയറുകീറി; പൊക്കിൾക്കൊടി വേർപെടാതെ കുഞ്ഞ് പുറത്ത്’

Advertisement

ജറുസലം: ഹമാസ് ഇസ്രയേൽ പൗരരെ വധിച്ചത് അതിദാരുണമായെന്നു റിപ്പോർട്ട്. ഗർഭിണിയായ സ്ത്രീയെ കൊന്ന് വയറ് കുത്തിത്തുറന്നുവെന്നും സമീപത്തായി പൊക്കിൾക്കൊടി വേർപെടാതെ കുട്ടി കിടക്കുന്നുണ്ടായിരുന്നുവെന്നും ദുരന്തമേഖലയിൽ ജോലി ചെയ്യുന്ന യോസി ലൻഡു മാധ്യമങ്ങളോടു വെളിപ്പെടുത്തി. ദുരന്തമേഖലകളിൽ മൃതദേഹങ്ങൾ ശേഖരിക്കുന്ന സാക എന്ന സന്നദ്ധ സംഘടനയിലെ പ്രവർത്തകനാണു ലൻഡു.

ശനിയാഴ്ച സൈറൺ മുഴങ്ങുന്ന ശബ്ദം കേട്ടുകൊണ്ടാണ് ഉണർന്നതെന്നു ലൻഡു പറഞ്ഞു. ‘‘പതിവു പോലെ ഇസ്രയേലിലുള്ളവർ ഷെൽട്ടറുകളിലേക്കു മാറി. എന്നാൽ ഇത്ര വലിയ ആക്രമണമായിരുന്നു നടന്നതെന്ന് അറിഞ്ഞില്ല. തീരനഗരമായ അഷ്ദോദിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെനിന്ന് ആളുകൾ പ്രാണരക്ഷാർഥം ഓടുകയായിരുന്നു. നിരവധിപ്പേർ തെരുവിൽ മരിച്ചു കിടക്കുന്നുണ്ടായിരുന്നു. ഇതിനു മുൻപ് ഒരിക്കലുമുണ്ടാകാത്ത രീതിയിൽ ഹമാസും ഇസ്രയേൽ സൈന്യവും ഏറ്റുമുട്ടി.

‘‘തെരുവ് യുദ്ധത്തിനുശേഷം മൃതദേഹങ്ങൾ ബാഗുകളിൽ പെറുക്കിക്കൂട്ടുകയായിരുന്നു. സാധാരണ 15 മിനിറ്റ് കൊണ്ട് സഞ്ചരിക്കാവുന്ന ദൂരത്തുനിന്നു മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ശേഖരിക്കാൻ 11 മണിക്കൂറാണ് വേണ്ടിവന്നത്. ശരീര ഭാഗങ്ങൾ ശീതീകരിച്ച ട്രക്കിൽ കയറ്റിയശേഷം ഗാസ അതിർത്തിയിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തുള്ള കിബുത്സ് എന്ന സ്ഥലത്തെത്തി. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 1,200 വീട്ടുകാർ ഇവിടെ താമസിച്ചിരുന്നു.

‘‘ഇവിടെയുള്ള ആദ്യവീട്ടിൽ കയറിയപ്പോഴാണ് ഗർഭിണിയെ കൊലപ്പെടുത്തിയത് കണ്ടത്. വയറു പിളർന്ന് പൊക്കിൾക്കൊടി വേർപെടാതെ കുഞ്ഞ് പുറത്തു മരിച്ചു കിടക്കുന്ന കാഴ്ച കണ്ട് കൂടെയുണ്ടായിരുന്നവരിൽ പലർക്കും തല കറങ്ങി. ഇവിടെനിന്ന് കുട്ടികളുടെ മാത്രം 20 മൃതദേഹങ്ങൾ ലഭിച്ചു. ഭൂരിഭാഗം പേരുടെയും കൈകൾ പിന്നിൽ കെട്ടി വെടിവച്ചുകൊന്നശേഷം കത്തിച്ച നിലയിലായിരുന്നു. പല സ്ത്രീകളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നു മൃതദേഹത്തിൽനിന്നു വ്യക്തമായിരുന്നു’’ – ലൻഡു വെളിപ്പെടുത്തി.

കിബുത്സിൽ 100 പേരും സമീപത്തു നടന്നിരുന്ന സൂപ്പർ നോവ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ 270 പേരുമാണ് കൊല്ലപ്പെട്ടത്.

ഇസ്രയേലിൽ മിന്നലാക്രമണം നടത്തിയ ഹമാസ്‌ കുഞ്ഞുങ്ങളെ കൊന്നു കത്തിച്ചുവെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു. പിഞ്ചുകുഞ്ഞുങ്ങളോടു കാട്ടിയ കൊടുംക്രൂരതയുടെ ഭീകര ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ നെതന്യാഹു കാണിച്ച ചിത്രങ്ങളിൽ ചിലത് എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

രക്തത്തിൽ കുതിർന്നതും കത്തിക്കരിഞ്ഞ് കരിക്കട്ടയായി മാറിയതുമായ മൃതദേഹങ്ങളുടെ ചിത്രമാണ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് സന്നദ്ധ പ്രവർത്തകനും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.