ഇസ്രയേലിന്റെ വാക്കുകേട്ട് ഇവിടെനിന്ന് ഒഴിഞ്ഞു പോകരുത്: ഗാസ നിവാസികളോട് ഹമാസ്

Advertisement

ഗാസ: ഇസ്ര‌യേൽ പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ പേരിൽ സംഘർഷ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകരുതെന്ന് ഗാസ നിവാസികൾക്ക് അവിടം നിയന്ത്രിക്കുന്ന സായുധ പ്രസ്ഥാനമായ ഹമാസിന്റെ നിർദ്ദേശം. പലസ്തീനിയൻ ജനതയോടും അവിടെ പ്രവർത്തിക്കുന്ന യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളോടും വടക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകാൻ തുടർച്ചയായി മുന്നറിയിപ്പു നൽകുക വഴി മാനസ്സിക തലത്തിലും ഇസ്രയേൽ യുദ്ധത്തിനു ശ്രമിക്കുകയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

‘‘പൗരന്മാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഗാസയിലെ മുന്നേറ്റത്തിന്റെ സുസ്ഥിരത തകർക്കാനും ലക്ഷ്യമിട്ട് വിവിധ മാർഗങ്ങൾ അവലംബിച്ച് അധിനിവേശ ശക്തികൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്’’ – ഹമാസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വടക്കൻ ഗാസയിൽ തന്നെ തുടരാൻ തീരുമാനിച്ച രാജ്യാന്തര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെയും ഭയപ്പെടുത്തി ഓടിക്കാനാണു ശ്രമമെന്നു ഹമാസ് കുറ്റപ്പെടുത്തി.

വടക്കൻ ഗാസയിൽനിന്ന് 11 ലക്ഷത്തോളം വരുന്ന ആളുകളെ ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ ഇന്നലെ രാത്രി മുന്നറിയിപ്പു നൽകിയിരുന്നു. ഹമാസിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇസ്രയേൽ സൈന്യം കരയുദ്ധത്തിനു തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ്. വടക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് 24 മണിക്കൂർ സമയപരിധിയാണ് ഇസ്രയേൽ അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഈ നീക്കം വലിയ നാശനഷ്ടത്തിനു കാരണമാകുമെന്ന് യുഎൻ ഇസ്രയേലിനു മുന്നറിയിപ്പു നൽകി.

വടക്കൻ ഗാസയിലെ യുഎൻ ഉദ്യോഗസ്ഥരെയും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അഭയാർഥി ക്യാംപുകളും ഉൾപ്പെടെയുള്ള യുഎൻ സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ, ഗാസ മുനമ്പിലെ ആകെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ജനത്തെ 24 മണിക്കൂർ കൊണ്ട് ഒഴിപ്പിക്കുന്നത് അപ്രായോഗികമാണെന്ന യുഎന്നിന്റെ പ്രതികരണം സംഘടനയും ഇസ്രയേലും തമ്മിൽ അഭിപ്രായ ഭിന്നതയ്ക്ക് കാരണമായിരുന്നു.

ഭിന്നത രൂക്ഷമായതോടെ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരുമെന്നാണ് വിവരം. യുഎസ്എ, ബ്രിട്ടൻ, ചൈന, റഷ്യ, ഫ്രാൻസ് എന്നിവരാണ് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ. അടച്ചിട്ട മുറിയിലാകും ചർച്ചയെന്നാണ് വിവരം. അതേസമയം, കരയുദ്ധം ആരംഭിച്ചാൽ ശക്തമായി നേരിടുമെന്ന് ഹമാസ് ഇസ്രയേലിനു മുന്നറിയിപ്പു നൽകി. ഇതുവരെ കാണാത്ത പ്രതിരോധം ഉയർത്തുമെന്നാണ് പ്രഖ്യാപനം. ഇസ്രയേൽ കനത്ത നാശം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.