ഡൽഹിയിലെ ഇസ്രായേൽ, അമേരിക്ക എംബസികൾക്ക് സുരക്ഷ വർധിപ്പിച്ചു

Advertisement

ന്യൂ ഡെൽഹി :
ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ഇസ്രായേൽ, അമേരിക്കൻ എംബസികൾക്ക് സുരക്ഷ വർധിപ്പിച്ചു. ജൂത സ്ഥാപനങ്ങൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. അതേസമയം ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. 212 ഇന്ത്യക്കാരാണ് ആദ്യ വിമാനത്തിൽ എത്തിയത്. സംഘത്തിൽ ഏഴ് മലയാളികളുമുണ്ട്.

സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തിയിരുന്നു. എംബസി വഴി രജിസ്റ്റർ ചെയ്തവർക്കാണ് ഓപറേഷൻ അജയ് വഴി ഇപ്പോൾ ഇന്ത്യയിലേക്ക് എത്താൻ സാധിച്ചത്. ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും മുഴുവൻ ഇന്ത്യക്കാരും ഇസ്രായേൽ വിട്ടുപോരാൻ തയ്യാറായിട്ടില്ല.

ഇന്ന് എത്തിയവരിൽ മലയാളികളെ 8.20ഓടെ വിസ്താര വിമാനത്തിൽ തിരുവനന്തപുരത്തേക്ക് അയക്കും. ഇവരെ ആരെയും വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കിറക്കിയില്ല. മലയാളികൾക്കായി എയർപോർട്ടിലും കേരളാ ഹൗസിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

Advertisement