ഗാസ വിടാൻ അന്ത്യശാസനം, ജീവനായി പരക്കം പാച്ചില്‍, ഗാസയില്‍ കൂട്ടപ്പലായനം, ടാങ്കുകള്‍ അതിര്‍ത്തിയില്‍

Advertisement

ടെൽഅവീവ്: കരസേനയുടെ ആക്രമണത്തിന് മുന്നോടിയായി വടക്കൻ ഗാസയിലെയും ഗാസ സിറ്റിയിലെയും ജനങ്ങള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് കൂട്ടപ്പലായനം.പതിനൊന്നു ലക്ഷത്തിലേറെ ജനങ്ങള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടത്.

നാല്പതു കിലോമീറ്ററിന് അപ്പുറത്തേക്ക് മാറാനാണ് കല്പന.അഭയാര്‍ത്ഥി പ്രവാഹം ഭയന്ന് ഈജിപ്ത് അതിര്‍ത്തി അടച്ചിരിക്കുകയാണ്.

ഗാസയിലേക്ക് കൊണ്ടുപോയി ബന്ദികളാക്കിയവരില്‍ 13 പേര്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് വെളിപ്പെടുത്തി. ഇതു നിഷേധിച്ച ഇസ്രയേല്‍, അവരെ ഹമാസ് വധിച്ചതാണെന്ന് ആരോപിച്ചു.

ഭീഷണിക്കു വഴങ്ങരുതെന്ന് ഹമാസ് കല്പിച്ചിരിക്കുന്നതിനാല്‍ അവരുടെ കണ്‍വെട്ടത്തുള്ളവര്‍ വീടുകളില്‍ തങ്ങുകയാണ്.

ഖാൻ യൂനിസ്,റാഫാ തുടങ്ങിയ തെക്കൻ മേഖലകളിലേക്കാണ് ജനങ്ങള്‍ നീങ്ങുന്നത്. വാഹനങ്ങളില്‍ മാത്രമല്ല,കാല്‍നടയായും സഞ്ചരിക്കുകയാണ്. വെള്ളവും വൈദ്യുതിയും ഭക്ഷണവും കിട്ടാത്തവിധം
പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയശേഷം ഗര്‍ഭിണികളും കുട്ടികളും അടക്കം ഉടനടി ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശം മനുഷ്യസാധ്യമല്ലെന്ന് ഐക്യരാഷ്ട്ര സഭാ വക്താവ് പ്രതികരിച്ചു.

ജനവാസ കേന്ദ്രങ്ങളിലെ ഭൂഗര്‍ഭ അറകളിലും വീടുകളിലുമാണ് ഹമാസ് ഭീകരര്‍ തമ്പടിച്ചിരിക്കുന്നതെന്ന് ഇസ്രയേല്‍. ഗാസയെ ഇസ്രായേലിന്റെ ഭാഗമാക്കാൻ ഉദ്ദേശ്യമില്ല. എന്നാല്‍, ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയശേഷം പിൻമാറും. ഇതാണ് ഇസ്രയേലിന്റെ നിലപാട്. യു.എൻ. മിഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രങ്ങള്‍ തെക്കൻ ഗാസയിലേക്ക് മാറ്റി.
രാജ്യത്തേക്ക് കടന്നുകയറി കഴിഞ്ഞ ശനിയാഴ്ച ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചതും ഗാസയില്‍ വ്യോമാക്രമണം തുടങ്ങിയതും . ഇതുവരെ ഗാസയില്‍ 1500 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 1300പേരാണ് വെടിയേറ്റും റോക്കറ്റ് ആക്രമണങ്ങളിലും കൊല്ലപ്പെട്ടത്. ഇന്നലെ, ഇസ്രായേല്‍ പ്രതിരോധസേന സൂഫ ഔട്ട് പോസ്റ്റിലേക്ക് ഇരച്ചുകയറി 250 ഓളം ബന്ദികളെ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. അറുപത് ഹമാസ് ഭീകരരെ വധിച്ചു. ഇസ്രയേലിലെ ആഷ് കെലോണിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി.

പലായനം എങ്ങോട്ട്?

41 കിലോമീറ്റര്‍ നീളവും 12 കിലോമീറ്റര്‍ വീതിയുമുള്ള പ്രദേശമാണ് ഗാസ. വടക്കൻ ഗാസയിലെ 4.4 ലക്ഷംപേരോടും ഗാസ സിറ്റിയിലെ 7.5 ലക്ഷംപേരോടുമാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
തൊട്ടടുത്തുള്ള മേഖലകളായ ദെയിര്‍ ഇല്‍ ബല, ഖാൻ യൂനിസ്, റാഫ എന്നിവിടങ്ങളിലേക്കാണ് മാറേണ്ടത് . ഈജിപ്ത് അതിര്‍ത്തി അടച്ചതിനാല്‍ അവിടേക്ക് പോകാനാവില്ല.

കരസേനാ നീക്കം

യുദ്ധത്തിന് പേരുകേട്ട നാമര്‍ ഇൻഫൻട്രിയാണ് ഗാസയിലേക്ക് കടക്കാൻ തയ്യാറായി നില്‍ക്കുന്നത്.
മെഷീൻ ഗണ്ണുകള്‍, ടാങ്കുകള്‍, ആന്റി ടാങ്ക് മിസൈലുകള്‍ എന്നിവ വിന്യസിച്ചിരിക്കുകയാണ്.

Advertisement