അബുദാബിയിലെ യാത്ര ഇനി റെയില്‍-ലെസ് ട്രെയിനുകളില്‍; സമയവും സ്റ്റോപ്പുകളും റൂട്ടും അറിയാം

Advertisement

അബുദാബി: രാജ്യ തലസ്ഥാനത്തിന്റെ തലവര തന്നെ മാറ്റി മറിച്ച്‌ കൊണ്ടിരിക്കുകയാണ് പുതുതായി അവതരിപ്പിച്ച റെയില്‍-ലെസ് ട്രെയിനുകള്‍.

റെയില്‍ ആവശ്യമില്ലാതെ പായുന്ന ഈ ട്രെയിനുകളുടെ ആദ്യഘട്ട ഓട്ടം ആരംഭിച്ചു. മൂന്ന് ബോഗികള്‍ ഉള്ള ആ ട്രെയിനുകള്‍ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസ്‌പോര്‍ട്ട് (എ.ആര്‍.ടി) എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനത്തില്‍ ഒരേ സമയം 200 പേര്‍ക്ക് യാത്ര ചെയ്യാം.

ഈ സംവിധാനം ഒരു മെട്രോയോ ട്രാമോ ട്രെയിനോ ബസോ ആണോ എന്നാണ് റെയില്‍-ലെസ് ട്രെയിനുകള്‍ കണ്ടവര്‍ എല്ലാം ഉയര്‍ത്തുന്ന സംശയം. എന്നാല്‍ ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസ്‌പോര്‍ട്ട് സര്‍വീസിനെ റെയില്‍-ലെസ് ബസുകള്‍ എന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. എആര്‍ടികള്‍ ബസുകളും ട്രാമുകളും കൂടിചേര്‍ന്നുള്ള ഒരു പുതിയ യാത്ര സൗകര്യമാണ്.

ഡ്രൈവറുടെ സഹായത്തോടെയാണ് വാഹനം ഓടുന്നത്. വണ്ടിയുടെ ഇരുവശത്തുമായി ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നില്‍ക്കുന്ന യാത്രക്കാര്‍ക്ക് സുരക്ഷക്കായി സ്ട്രാപ്പുകളും നല്‍കിയിട്ടുണ്ട്. നിലവില്‍, ഇത് വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയാണ് പ്രവര്‍ത്തിക്കുന്നത്.

പരീക്ഷണ ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സമയത്ത് ഇവ 25 സ്റ്റേഷനുകളിലാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും. ആകെ 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നത്. അല്‍ റീം മാളില്‍ നിന്ന് മറീന മാളിലേക്കാണ് ബസുകള്‍ ഓടുന്നത്. ഇവ സായിദ് ഫസ്റ്റ് സ്ട്രീറ്റിലൂടെയും അബുദാബി ദ്വീപിലെ കോര്‍ണിഷ് സ്ട്രീറ്റിലൂടെയും കടന്നുപോകുന്നു. കോര്‍ണിഷ്, ഷെയ്ഖ ഫാത്തിമ പാര്‍ക്ക്, ഖാലിദിയ പാര്‍ക്ക്, കസര്‍ അല്‍ ഹോസ്‌ൻ, എൻഎംസി സ്പെഷ്യാലിറ്റി, ലൈഫ്‌ലൈൻ ആശുപത്രികള്‍, ഷെയ്ഖ് ഹസ്സ ബിൻ സുല്‍ത്താൻ മസ്ജിദ്, ഗലേരിയ അല്‍ മരിയ ദ്വീപ്, മറീന സ്ക്വയര്‍ എന്നിവയും സ്റ്റോപ്പുകളില്‍ ഉള്‍പ്പെടുന്നു.

റീം മാളില്‍ നിന്നുള്ള ആദ്യത്തെ യാത്ര രാവിലെ 10 മണിക്കും അവസാനത്തെ യാത്ര ഉച്ചയ്ക്ക് 2 മണിക്കും ആണ് ഉള്ളത്. മറീന മാളില്‍ നിന്നുള്ള ആദ്യത്തെ യാത്ര രാവിലെ 11നും അവസാനത്തേത് വൈകിട്ട് 3 നുമാണ്.

സ്മാര്‍ട്ടായ, പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം അബുദാബിയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ ഗുണകരമാകും. ഉപഭോക്താക്കള്‍ക്ക് സുരക്ഷ, സൗകര്യം, ഗുണമേന്മ എന്നിവയുടെ ഉയര്‍ന്ന നിലവാരം ഉറപ്പാക്കിക്കൊണ്ട് ഐടിസി ടീമുകള്‍ വളരെ കാര്യക്ഷമവും സമ്പൂര്‍ണ്ണവുമായാണ് ഈ അടിസ്ഥാന സൗകര്യം നിര്‍മ്മിച്ചിട്ടുള്ളത്.

Advertisement