അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ ക്രിക്കറ്റ് ആരാധാകരെ ആഹ്ലാദത്തിലാറാടിച്ച് ഇന്ത്യ പാകിസ്ഥാനെ എറിഞ്ഞ് തകർത്തു. ഇന്ന് നടന്ന മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 192 റൺസ് വിജയലക്ഷ്യം.ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ബോളർമാർ തകർപ്പൻ പ്രകടനവുമായി കളംനിറഞ്ഞപ്പോൾ പാക്ക് ബാറ്റിങ് നിര അക്ഷരാർഥത്തിൽ തകർന്നടിയുകയായിരുന്നു. ഒരുഘട്ടത്തിൽ 2ന് 155 എന്ന നിലയിലായിരുന്ന പാക്കിസ്ഥാൻ 42.5 ഓവറിൽ 191ന് പുറത്തായി. 36 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ പാക്കിസ്ഥാന് 8 വിക്കറ്റ് നഷ്ടമായി. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ബാബർ അസമാണ് (50) അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം എറിഞ്ഞു വീഴ്ത്തി.
73 റൺസ് നേടുന്നതിനിടെ പാക്കിസ്ഥാന്റെ ഓപ്പണർമാർ പുറത്തായി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ അബ്ദുല്ല ഷഫീഖ് 8–ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 24 പന്തിൽനിന്ന് 20 റൺസാണ് ഷഫീഖ് നേടിയത്. 13–ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ കെ.എൽ.രാഹുൽ പിടിച്ചാണ് ഇമാം ഉൽ ഹഖ് പുറത്തായത്. 38 പന്തിൽ 36 റൺസാണ് സമ്പാദ്യം.