ഇസ്രയേൽ ആക്രമണം: അസാധാരണ, അടിയന്തര യോഗം വിളിച്ച് ഇസ്​ലാമിക രാഷ്ട്രങ്ങൾ

Advertisement

ന്യൂഡൽഹി: ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ അസാധാരണ, അടിയന്തര യോഗം വിളിച്ച് ഇസ്​ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി). ഗാസയിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഇസ്രയേൽ സൈനികനീക്കം സൃഷ്ടിക്കുന്ന ദുരിതം സൗദി അറേബ്യയിൽ നടക്കുന്ന യോഗത്തിൽ ചർച്ചയാകും. ബുധനാഴ്ച ജിദ്ദയിൽ നടക്കുന്ന യോഗത്തിലേക്കു വിവിധ ഇസ്​ലാമിക രാജ്യങ്ങളെ സൗദി അറേബ്യ ക്ഷണിച്ചു.

സൗദിയുടെ ക്ഷണപ്രകാരം ഒഐസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിതലത്തിൽ അസാധാരണ യോഗം ചേരുകയാണെന്ന് സംഘടന വെബ്‌സൈറ്റിൽ അറിയിച്ചു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും സാധാരണക്കാരുടെ ജീവിതവും ഭീഷണി നേരിടുന്ന സാഹചര്യം ചർച്ച ചെയ്യുമെന്നും സംഘടന അറിയിച്ചു. യുഎൻ കഴിഞ്ഞാൽ നാല് ഭൂഖണ്ഡങ്ങളിൽനിന്ന് 57 അംഗരാജ്യങ്ങളുള്ള ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയാണ് ഒഐസി.

ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകളിൽനിന്നു സൗദി അറേബ്യ പിന്മാറിയതിനു പിന്നാലെയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇറാൻ പ്രസിഡന്റുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇസ്രയേൽ വിഷയം ചർച്ച ചെയ്തിരുന്നു.

Advertisement