വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയിയെയും ഭാര്യയും വീട്ടിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍

Advertisement

വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയി (83) യെയും ഭാര്യ വഹീദ മൊഹമ്മദീഫാറുമിനെയും വീട്ടിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. കൃത്യത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.
തെഹ്റാനില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറുള്ള വീട്ടിലാണ് ദാരിയുഷ് മെഹര്‍ജുയിയും ഭാര്യയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി മകള്‍ മോന മെര്‍ജുയി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജീവന് ഭീഷണിയുള്ളതായി വഹീദ ഈയിടെ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു.
ദാരിയുഷ് മെഹര്‍ജുയി 1970കളുടെ തുടക്കത്തില്‍ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയായിരുന്നു. റിയലിസ്റ്റിക്ക് ശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. 1998 ലെ ചിക്കാഗോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് സില്‍വര്‍ ഹ്യൂഗോയും 1993 ലെ സാന്‍ സെബാസ്റ്റ്യന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ സീഷെലും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു.

Advertisement