‘ഞങ്ങളുടെ വിരലുകൾ കാഞ്ചിയിൽ’: ഇസ്രയേലിന് ഇറാന്റെ താക്കീത്‌; യുഎസിനും മുന്നറിയിപ്പ്

Advertisement

ജറുസലം: ഗാസയിൽ ആക്രമണം നടത്താൻ ഇസ്രയേൽ ഒരുങ്ങുമ്പോൾ, പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഇറാൻ. 1,400-ലധികം ഇസ്രയേലികളെ കൊന്നൊടുക്കിയ വിനാശകരമായ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് അചഞ്ചലമായ പിന്തുണ നൽകിയതിന് യുഎസിനെയും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്‌ദെല്ലാഹിയാൻ വിമർശിച്ചു.

‘ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും കൈകൾ കാഞ്ചിയിലായിരിക്കു’മെന്ന് ഹുസൈൻ അമിറബ്‌ദെല്ലാഹിയാൻ പറഞ്ഞു. ‘‘സാഹചര്യം നിയന്ത്രിക്കാനും സംഘർഷങ്ങൾ വിപുലീകരിക്കാതിരിക്കാനും ആർക്കും ഉറപ്പ് നൽകാൻ കഴിയില്ല. യുദ്ധത്തിന്റെയും പ്രതിസന്ധിയുടെയും വ്യാപ്തി വികസിക്കുന്നത് തടയാൻ താൽപ്പര്യമുള്ളവർ, ഗാസയിലെ പൗരന്മാർക്കും സാധാരണക്കാർക്കും എതിരായ നിലവിലെ പ്രാകൃത ആക്രമണങ്ങൾ തടയേണ്ടതുണ്ട്’’– ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഗാസ യുദ്ധം വലിയൊരു സംഘട്ടനത്തിലേക്ക് നീങ്ങിയാൽ യുഎസിന് കാര്യമായ നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഗാസയിലെ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇറാന് കേവലം ഒരു നിരീക്ഷകനായി തുടരാൻ കഴിയില്ലെന്ന് ഇസ്രയേലിന് അതിന്റെ സഖ്യകക്ഷികളിലൂടെ ഞങ്ങളുടെ സന്ദേശം കൈമാറി. യുദ്ധത്തിന്റെ വ്യാപ്തി വികസിക്കുകയാണെങ്കിൽ, അമേരിക്കയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കും’’– അദ്ദേഹം വ്യക്തമാക്കി.

മിന്നലാക്രമണത്തിനു പിന്നാലെ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് യുഎസ്. എന്നാൽ, ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോഴും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യത്യസ്ത അഭിപ്രായം പങ്കുവച്ചിരുന്നു. വീണ്ടും ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം ‘വലിയ അബദ്ധം’ ആകുമെന്നു ബൈഡൻ പറഞ്ഞു.

അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേൽ ഗാസ പിടിച്ചെടുക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് സിബിഎസ് വാർത്താ ചാനലിന്റെ അഭിമുഖത്തിൽ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘‘അതു വളരെ വലിയ അബദ്ധമാകുമെന്നാണു കരുതുന്നത്’’ എന്നായിരുന്നു ബൈഡന്റെ മറുപടി. ‘‘എല്ലാ പലസ്തീൻ ജനതയെയും ഹമാസ് പ്രതിനിധീകരിക്കുന്നില്ല. ഭീരുക്കളുടെ കൂട്ടമായ ഹമാസിനെ പൂർണമായും ഇല്ലാതാക്കണം. പലസ്തീൻ യാഥാർഥ്യമാക്കുന്നതിനു വഴിയൊരുക്കേണ്ടതുമുണ്ട്. തീവ്രവാദികളെ തുരത്തേണ്ടതും അത്യാവശ്യമാണ്.’’– ബൈഡൻ പറഞ്ഞു.

ഗാസയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമായിരിക്കെ, ജാഗ്രത പുലർത്തണമെന്ന സന്ദേശമാണു ബൈഡൻ നൽകുന്നതെന്നാണു വിലയിരുത്തൽ. അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദിയിലെത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. തുടർന്ന് ഈജിപ്തിലേക്കുപോയ ബ്ലിങ്കൻ വീണ്ടും ഇസ്രയേലിലെത്തും. യുദ്ധം മേഖലയാകെ വ്യാപിക്കാതിരിക്കാനാണ് യുഎസിന്റെ ശ്രമം.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, ഇസ്രയേലിൽ യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ചും ഇസ്രയേലിന്റെ ദീർഘകാല എതിരാളിയായ ഇറാൻ നേരിട്ട് ഇടപെടാനുള്ള സാധ്യതയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗാസയിൽ തുടർച്ചയായി ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 700-ലധികം കുട്ടികൾ ഉൾപ്പെടെ 2,670-ലധികം പേർ കൊല്ലപ്പെട്ടു. ജനസാന്ദ്രതയേറിയ തീരദേശ മേഖലയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇസ്രയേൽ വിച്ഛേദിച്ചെങ്കിലും തെക്കൻ മേഖലയിൽ ഇന്നലെ ജലവിതരണം പുനഃസ്ഥാപിച്ചിരുന്നു.