യുഎസിൽ 6 വയസുകാരൻ കുത്തേറ്റു മരിച്ചു; ആക്രമണത്തിന് കാരണം ഇസ്രയേൽ – ഹമാസ് സംഘർഷം

Advertisement

ചിക്കാഗോ; ഇസ്രയേൽ – ഹമാസ് സംഘർഷം തുടരുന്നതിനിടെ യുഎസിൽ ആറു വയസ്സുകാരൻ കുത്തേറ്റുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ മറ്റൊരു യുവതിയെ പന്ത്രണ്ടോളം മുറിവുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിക്കപ്പെട്ടത് അമ്മയും മകനുമാണെന്നും ഇസ്രയേൽ – ഹമാസ് സംഘർഷമാണ് ആക്രമണത്തിനു പിന്നിലെന്നും അധികൃതർ പറയുന്നു.

ആക്രമണത്തിൽ യുവതിക്കും കൊല്ലപ്പെട്ട ആറു വയസ്സുകാരനും നെഞ്ചിലുൾപ്പെടെ പലയിടത്തായി കുത്തേറ്റു. മരിച്ച കുട്ടിക്ക് 26 കുത്തേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും വിൽ കൗണ്ടി ഷെരിഫ് ഓഫീസ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. ചിക്കാഗോയ്ക്ക് സമീപമുള്ള പ്ലയിൻഫീൽഡ് ടൗൺഷിപ്പിൽ ശനിയാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

പ്ലയിൻഫീൽഡ് ടൗൺഷിപ്പിൽ വാടകയ്ക്ക് കഴിയുന്ന ഇവരുടെ വീട്ടിലേക്ക് എത്തിയ സ്ഥലമുടമയാണ് അക്രമത്തിനു പിന്നിൽ. 71കാരനായ ജോസ് സൂബയാണ് പിടിയിലായത്. 12 ഇഞ്ച് നീളമുള്ള കത്തി ഉപയോഗിച്ചാണ് ഇയാൾ ഇരുവരെയും ആക്രമിച്ചത്. ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ പിന്നാലെയെത്തിയ പ്രതി വീണ്ടും കുത്തിയതായി പൊലീസ് പറയുന്നു. താമസ സ്ഥലത്തിനു സമീപത്തുനിന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

Advertisement