ന്യൂഡൽഹി:ഇസ്രായേൽ പലസ്തീൻ യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതായിപ്പോയെന്ന് സിപിഎം പിബി അംഗം എംഎ ബേബി പറഞ്ഞു. അത് ഇന്ത്യയുടെ പരമ്പരാഗത വിദേശനയം കയ്യൊഴിയുന്നതായിരുന്നു.
ഇസ്രായേലിൽ ഹമാസിൻറെ പ്രത്യാക്രമണപരമായ മിന്നൽനടപടി ഉണ്ടായ ഉടനെ വീണ്ടുവിചാരമില്ലാതെ താൻ ‘ഇസ്രായേലിനൊപ്പം ‘എന്ന് മോദി എക്സിൽ പ്രഖ്യാപിച്ചത് രാജ്യത്തിൻറെ നയതന്ത്രത്തെക്കുറിച്ച് തീരെ ആലോചിക്കാതെ ആയിരുന്നു. ഇന്ത്യയുടെ വിദേശകാര്യ വക്താവ് ഈ നിലപാട് തിരുത്താൻ പിന്നീട് ശ്രമിച്ചു എങ്കിലും മോദി ഉണ്ടാക്കിയ പരിക്ക് നിലനില്ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ – പാലസ്തീൻ സമാധാനശ്രമങ്ങളിൽ വലിയ പങ്ക് വഹിക്കാൻ ഇന്ത്യയ്ക്കുണ്ടായിരുന്ന അവസരമാണ് മോദിയുടെ നിരുത്തരവാദിത്വം കൊണ്ട് നഷ്ടമായത്. ബ്രിട്ടീഷ് -അമേരിക്കൻ സംയുക്ത നേതൃത്വത്തിൽ 1948ൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കപ്പെടുന്ന കാലത്തേ പാലസ്തീൻറെ ന്യായമായ അവകാശങ്ങൾക്കായി നിലക്കൊണ്ട മഹനീയ പാരമ്പര്യം ഇന്ത്യക്ക് ഉണ്ട്. ഇന്ത്യയിലെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് മാത്രമല്ല പ്രതിപക്ഷത്തായിരുന്ന കമ്യൂണിസ്റ്റുകാർ തുടങ്ങിയവരും 1977 ലെ ജനതാസർക്കാരിലെ വിദേശകാര്യ മന്ത്രിഎ ബി വാജ്പേയി പോലും ഈ നയത്തെ പിന്തുണച്ചു . അത് നമ്മുടെ രാഷ്ട്രത്തിൻറെ പൊതുനിലപാടായിരുന്നു.അതാണ് നരേന്ദ്രമോദി പാടേ ഉപേക്ഷിച്ചതെന്നും എംഎബേബി പറഞ്ഞു
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു പൗരരുടെ താല്പര്യത്തിന് മാത്രമല്ല, പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ വാണിജ്യ താത്പര്യങ്ങളെയും മോദിയുടെ എടുത്തുചാട്ടം ബാധിക്കാൻ പോവുകയാണെന്നും എംഎബേബി പറഞ്ഞു