‘വഴി കാട്ടി’ ഫോണും ആപ്പിൾ വാച്ചും; ഒടുവിൽ കണ്ടെത്താനായത് മകളുടെ ചേതനയറ്റ ശരീരം

Advertisement

ടെൽ അവീവ്: ഇസ്രയേലിൽ ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെ അപ്രത്യക്ഷയായ മകളെ തിരഞ്ഞിറങ്ങിയ പിതാവിന് വഴികാട്ടിയായി അവരുടെ ഫോണും ആപ്പിൾ വാച്ചും. ഇസ്രയേലി – അമേരിക്കൻ യുവതി ഡാനിയേലയുടെ പിതാവ് ഇയാൽ വാൾഡ്മാനാണ്, ഫോണിലെ ട്രാക്കിങ് സംവിധാനവും ആപ്പിൾ വാച്ചും ഉപയോഗിച്ച് മകളെ കണ്ടെത്തിയത്. ഹമാസ് ബന്ദികളാക്കിയ ഇരുനൂറോളം പേർക്കൊപ്പം മകളുമുണ്ടെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന വാൾഡ്മാന്, ഒടുവിൽ കണ്ടെത്താനായത് മകളുടെ ചേതനയറ്റ ശരീരമാണെന്നത് നൊമ്പരപ്പെടുത്തുന്ന അനുഭവമായി.

വ്യവസായിയും കംപ്യൂട്ടർ നെറ്റ്‌വർക്ക് പ്രോഡക്ടുകളുടെ രാജ്യാന്തര തലത്തിലെ വിതരണക്കാരായ ‘മെല്ലനോക്‌സി’ന്റെ സ്ഥാപകനുമായ വാൾഡ്മാൻ, ആക്രമണത്തിനു പിന്നാലെയാണ് ഇരുപത്തിനാലുകാരിയായ മകളെ തിരഞ്ഞ് ഇസ്രയേലിലെത്തിയത്. ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ 260 മൃതദേഹങ്ങൾ കണ്ടെത്തിയ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയിൽ ആൺസുഹൃത്ത് നൊവാം ഷായിക്കൊപ്പം ഡാനിയേലയുമുണ്ടായിരുന്നു.

സംഗീത വേദിയിൽനിന്ന് ഹമാസ് സായുധ സംഘം ബന്ദികളാക്കിയ തട്ടിക്കൊണ്ടു പോയവരിൽ ഡാനിയേലയും ഉൾപ്പെട്ടിട്ടുണ്ടെന്ന ഉത്തമ വിശ്വാസത്തിലായിരുന്നു കുടുംബം. തുടർന്ന് മകളെ തിരഞ്ഞാണ് വാൾഡ്മാൻ ഇസ്രയേലിലെത്തിയത്. എന്നാൽ, ഒക്ടോബർ 11ന് മകളുടെ ഫോണിലെ ട്രാക്കിങ് സംവിധാനവും ആപ്പിൾ വാച്ചും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വാൾഡ്മാന് മകളെക്കുറിച്ച് വ്യക്തമായ വിവരം നൽകിയത്. ഡാനിയേലയും നൊവാമും സംഗീത വേദിയിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് അദ്ദേഹം കണ്ടെത്തി.

‘ഇസ്രയേലിൽ വന്നിറങ്ങി മൂന്നു മണിക്കൂറിനുള്ളിൽ ഞാൻ ഈ മേഖലയിലെത്തി. അവിടെ ഡാനിയേലയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന ചില സാധനങ്ങൾ ഡാനിയേലയുടേതായിരുന്നു. മാത്രമല്ല, ആക്രമണ സമയത്ത് അവളുടെ ഫോണിൽനിന്ന് ഞങ്ങൾക്ക് എമർജൻസി കോൾ വന്നിരുന്നു. ആ സംവിധാനം ഉപയോഗിച്ചു പരിശോധന നടത്തി വാഹനം അവരുടേതാണെന്ന് ഉറപ്പിച്ചു.

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു ചുറ്റിലും നിന്ന് ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. സായുധരായ ആളുകൾ ചുറ്റിലും നിന്ന് വെടിയുതിർത്തതിന്റെ എല്ലാ സൂചനകളും കാറിലുണ്ട്. ഏറ്റവും കുറഞ്ഞത് മൂന്നു തോക്കുകളെങ്കിലും ഉപയോഗിച്ച് വെടിയുതിർത്തുണ്ടെന്ന് വ്യക്തമാണെന്ന് വാൾഡ്മാൻ വിശദീകരിച്ചു.

സംഗീത വേദിയിൽ ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിനു പിന്നാലെ ഡാനിയേലയും നൊവാമും ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടോ മൂന്നോ സുഹൃത്തുക്കളും വെള്ള ടൊയോട്ട കാറിൽ കയറി രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നു വ്യക്തമാണ്. പക്ഷേ, വാഹനം വളഞ്ഞ ഹമാസ് സായുധ സംഘം ഇവരെ കൊലപ്പെടുത്തിയെന്നാണ് മനസ്സിലാകുന്നതെന്നും വാൾഡ്മാൻ വ്യക്തമാക്കി.