ആറ് ദിവസത്തേക്കുള്ള ഇന്ധനം, മരുന്നുകൾ; യുഎൻ ഗാസയിൽ എത്തിച്ച സഹായം ഹമാസ് മോഷ്ടിച്ചുവെന്ന് ഇസ്രായേൽ

Advertisement

കുവൈത്ത് സിറ്റി: ഗാസയിൽ ദുരിതം അനുഭവിക്കുന്ന അഭയാർത്ഥികൾക്ക് വേണ്ടി യുഎൻ എത്തിച്ച ഇന്ധനവും വൈദ്യസഹായവും ഹമാസ് മോഷ്ടിച്ചുവെന്ന് ഇസ്രായേൽ. ഗാസ സിറ്റിയിലെ യുഎൻ ഓഫീസുകളിൽ നിന്ന് ഹമാസ് ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും മോഷ്ടിച്ചുവെന്നാണ് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ഗാസയിലെ ജലശുദ്ധീകരണത്തിന് ആറ് ദിവസത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഇന്ധനമാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.

അതേസമയം, ഹമാസ് സാധനങ്ങൾ മോഷ്ടിച്ചുവെന്ന് അവകാശപ്പെട്ട് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പാലസ്തീൻ റെഫ്യൂജീസ് (യുഎൻആർഡബ്ല്യുഎ) എക്സിൽ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഗാസ സിറ്റിയിലെ ഏജൻസിയുടെ കോമ്പൗണ്ടിൽ നിന്ന് ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും ഇന്നലെ കൊണ്ട് പോയെന്നായിരുന്നു സംഘടനയുടെ പോസ്റ്റിൽ പറഞ്ഞിരുന്നത്.

ഇതിനിടെ, ഇസ്രയേൽ – ഹമാസ് യുദ്ധം പത്താം ദിവസത്തിൽ എത്തുമ്പോൾ ആദ്യമായി ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ബന്ദികളാക്കിയ ഇരുന്നൂറോളം പേരിൽ ഒരാളുടെ വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത്. മിയ സ്കീം എന്ന 21 കാരിയുടെ ദൃശ്യമാണ് പുറത്തുവന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ആണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ യുവതിയുടെ കൈ ബാൻഡേജിൽ പൊതിഞ്ഞ നിലയിലാണ്.

ഗാസ അതിർത്തിക്കടുത്തുള്ള ഇസ്രയേലി നഗരമായ സ്‌ഡെറോറ്റാണ് തൻറെ സ്വദേശമെന്ന് മിയ വീഡിയോയിൽ പറഞ്ഞു. മിയയുടെ കയ്യിൽ ആരോ ബാൻഡേജ് ചുറ്റുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. തന്റെ പരിക്കിന് മൂന്ന് മണിക്കൂർ ശസ്ത്രക്രിയ നടത്തിയതായി മിയ പറഞ്ഞു. “അവർ എന്നെ പരിചരിക്കുന്നു. അവർ എനിക്ക് ചികിത്സയും മരുന്നും നൽകുന്നു. എല്ലാം ഓകെയാണ്. എന്റെ വീട്ടിലേക്ക്, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അടുത്തേക്ക് മടങ്ങണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ദയവായി ഞങ്ങളെ എത്രയും വേഗം അവിടെയെത്തിക്കുക”- ഇസ്രയേലി യുവതി ആവശ്യപ്പെട്ടു.

Advertisement