ബൈഡന്റെ ഇസ്രയേൽ സന്ദർശനം കൂട്ടക്കൊലയ്ക്ക് സഹായം നൽകാൻ: ഹമാസ്

Advertisement

ജറുസലം: ഗാസയിൽ സൈനിക നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെ ഇസ്രയേൽ സന്ദർശിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഹമാസ്. ബുധനാഴ്ചയാണ് ബൈഡൻ ഇസ്രയേലിലെത്തുന്നത്. ഇസ്രയേലിന്റെ വാക്കുകളിൽ ജോ ബൈഡൻ വീണുവെന്ന് ഹമാസ് വക്താവ് ഹാസെം ഖാസെം പറഞ്ഞു.

‘‘ഗാസയിലെ ജനങ്ങൾക്കെതിരായ യുദ്ധത്തിൽ യുഎസും ഒരു കുറ്റവാളിയാണ്. ആക്രമണോത്സുക നിലപാടാണ് ഗാസയിലെ ജനങ്ങളോട് യുഎസ് സ്വീകരിക്കുന്നത്. പലസ്തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് സാമ്പത്തികമുൾപ്പെടെയുള്ള സഹായം നൽകാനാണ് ബൈഡൻ എത്തുന്നത്. ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിലും ഗാസയിലെ നിരവധിപ്പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്നിൽ രണ്ടും കുട്ടികളും സ്ത്രീകളുമാണ്’’.– ഖാസെം പറഞ്ഞു.

എന്നാൽ ബൈഡന്റെ ഇസ്രയേൽ സന്ദർശനത്തിന് ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് യുഎസ് അറിയിച്ചു. ഇസ്രയേലും ജോർദാനും സന്ദർശിക്കാൻ ഇതാണ് ഏറ്റവും ഉചിതമായ സമയമെന്ന് ബൈഡൻ വിശ്വസിക്കുന്നുവെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി പറഞ്ഞു.

‘‘മറ്റു നേതാക്കൻമാരുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പ്രാദേശിക നേതാക്കൻമാരുമായും ചർച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. പ്രശ്നം കൂടുതൽ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേൽ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ്, ജോർദാന‍് രാജാവ് എന്നിവരുമായി ഇതിനകം ചർച്ച നടത്തി. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരൻമാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണ്’’– കിർബി പറഞ്ഞു.

ഇസ്രയേലിൽ ഹമാസ് നടത്തിയ വിവിധ ആക്രമണങ്ങളിൽ ഇതുവരെ 1,400 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 2808 പേർ കൊല്ലപ്പെട്ടതായി ഹമാസ് മീഡിയ ഓഫിസ് അറിയിച്ചു. ഇതിൽ നാലിലൊന്നും കുട്ടികളാണ്. 10,000 പേർക്ക് പരുക്കേറ്റതായും ഹമാസ് വ്യക്തമാക്കി.