ടെല്‍ അവീവ്.പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഇന്ന് ഇസ്രായേലിൽ . 500 പേർ കൊല്ലപ്പെടാൻ ഇടയായ വ്യോമാക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രയേലിനെന്ന് ഹമാസും പലസ്തീൻ ജിഹാദ് ഫോഴ്സിൻ്റെ ഉന്നം തെറ്റിയ മിസൈലെന്ന് ഇസ്രയേലും ആരോപിച്ചു .സംഭവത്തെ തുടര്‍ന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച അറബ് ഭരണാധികാരികൾ റദ്ദാക്കി . ഈജിപ്ത്, ജോർദാൻ ,പലസ്തീൻ ഭരണാധികാരികളാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായതിനു പിന്നാലെ അറബ് ലോകത്ത് പ്രതിഷേധം ശക്തമാവുകയാണ്.
ഇസ്രയേലിലേക്ക് തിരിക്കുമ്പോൾ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ലക്ഷ്യം ഇസ്രയേലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതായിരുന്നു. ഗാസയിലെ ആശുപത്രി ആക്രമണത്തോടെ പശ്ചിമേഷ്യയിൽ സ്ഥിതി മാറി. യു എസ് പ്രസിഡൻറുമായുള്ള കൂടിക്കാഴ്ച ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവും ഈജിപ്ത് പ്രസിഡൻറ് അബ്ദൽ ഫത്താ അൽ സിസിയും പലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസും റദ്ദാക്കി. അമേരിക്കയോ ബൈഡനോ ഇത്തരം നീക്കം പ്രതീക്ഷിച്ചില്ല. പിന്നാലെ US പ്രസിഡൻ്റ് ജോർദാൻ സന്ദർശനം ഉപേക്ഷിക്കുകയും ചെയ്തു. ഗാസയിൽ സഹായമെത്തിക്കാനുള്ള ചർച്ച നെതന്യാഹുവുമായി ബൈഡന് നടത്തേണ്ടി വരും. ആശുപത്രി ആക്രമണം അറബ് ലോകത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ലെബനണിലേക്ക് പോകരുതെന്ന് പൗരന്മാർക്ക് US ട്രാവൽ അഡ്വൈസറി പുറപ്പെടുവിച്ചു. . അവശ്യ സേവനം വേണ്ടവരൊഴികെ എല്ലാവരും അവിടം വിടാൻ ലെബനണിലെ സ്ഥാനപതി കാര്യാലയത്തിനും അമേരിക്ക നിർദേശം നൽകി. പലസ്തീൻ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിൽ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. ജർമനിയുടെ പിന്തുണയുമായി ചാൻസലർ ഒലോഫ് ഷോൾസ് ഇസ്രായേലിൽ എത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നാളെ ഇസ്ര യേലിൽ എത്തും
യുദ്ധത്തിൽ ആശുപത്രികളെ ആക്രമിക്കരുതെന്ന ജനീവ കൺവെൻഷൻ ഉടമ്പടി ലംഘിച്ചു . 500 പേർ കൊല്ലപ്പെടാനിടയായ ഗാസയിലെ അൽ അഹ് ലി അറബ് ആശുപത്രിയിലെ വ്യോമാക്രമണത്തിൻ്റെ ഉത്തരവാദികൾ ആരെന്നതിനെ ചൊല്ലി പഴിചാരൽ തുടരുന്നു. ഇസ്രയേൽ അല്ല ആക്രമണത്തിനു പിന്നിലെന്നും അവർ ഇക്കാര്യം നിഷേധിച്ചെന്നും വൈറ്റ് ഹൗസ് . ഇസ്രയേലിന് ആക്രമണത്തിൽ പങ്കില്ലെങ്കിൽ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വിടാൻ വെല്ലുവിളിച്ച് റഷ്യ രംഗത്തെത്തി. ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ്. ബന്ദികളെ ഹമാസ് വിട്ടയക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ .ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുഎന്നിലെ 22 അറബ് രാഷ്ടങ്ങളുടെ സ്ഥാനപതിമാർ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ആശുപത്രി ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാസമിതി യോഗം വിളിച്ചു ചേർക്കണമെന്ന നിലപാടുമായി റഷ്യയും യു എ ഇ യും രംഗത്തെത്തി. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന റഷ്യൻ കരടു പ്രമേയം നേരത്തെ രക്ഷാ സമിതി തളളിയിരുന്നു. ബ്രസീലിൻ്റെ കരടു പ്രമേയം ഇന്ന് രക്ഷാ സമിതി പരിഗണിക്കും. ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കണമെന്ന് പ്രമേയത്തിലുണ്ട്. ജറുസലേം ആസ്ഥാനമായ ആംഗ്ലിക്കൻ ചർച്ചിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഗാസയിൽ വ്യോമാക്രമണത്തിൽ തകർന്ന അൽ അഹ് ലി അറബ് ബാപ്റ്റിസ്റ്റ് ആശുപത്രി