കഴിഞ്ഞയാഴ്ച താങ്കൾ ഉറങ്ങുകയായിരുന്നോ?: പലസ്തീനെ പിന്തുണച്ച മോഡലിന് ഇസ്രയേലിന്റെ വിമർശനം

Advertisement

ടെൽ അവീവ്: ഹമാസിനെതിരായ സംഘർഷവുമായി ബന്ധപ്പെട്ട് കുറ്റപ്പെടുത്തലുമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ച പലസ്തീൻ ബന്ധമുള്ള യുഎസ് മോഡൽ ജീജി ഹദീദിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ. സംഘർഷവുമായി ബന്ധപ്പെട്ട് ഹദീദിന്റെ നിലപാട് അവർ ഇതുവരെ പുലർത്തിയ നിശബദ്തതയിൽനിന്നു തന്നെ വ്യക്തമാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി. പലസ്തീനുള്ള പിന്തുണയെ ഹമാസിനുള്ള പിന്തുണയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി ജീജി ഹദീദ് പങ്കുവച്ച പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ വിമർശനം.

‘പലസ്തീനികളോടുള്ള ഇസ്രയേൽ ഭരണകൂടത്തിന്റെ സമീപനത്തിൽ ജൂതരുമായി ബന്ധപ്പെട്ട് ഒന്നുമില്ല. ഇസ്രയേൽ ഭരണകൂടത്തെ അപലപിക്കുന്നത് ജൂതവിരുദ്ധമല്ല. പലസ്തീനികളെ പിന്തുണയ്ക്കുന്നതിനെ ഹമാസിനുള്ള പിന്തുണയായും വ്യഖ്യാനിക്കാനാകില്ല.’ – ജീജി ഹദീദ് കുറിച്ചു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഇസ്രയേലിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഉയർത്തിയത്.

‘കഴിഞ്ഞയാഴ്ച നിങ്ങൾ ഉറങ്ങുകയായിരുന്നോ? അതോ ജൂതക്കുഞ്ഞുങ്ങളെ അവരുടെ സ്വന്തം വീടുകളിൽ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ സൗകര്യപൂർവം കണ്ണടച്ച് ഇരിക്കുകയായിരുന്നോ? ഈ വിഷയത്തിലുള്ള നിലപാട് നിങ്ങളുടെ നിശബ്ദതയിൽ നിന്നു തന്നെ വ്യക്തമാണ്. അത് ഞങ്ങൾ കണ്ടതാണ്.’ – ഇസ്രയേലിന്റെ പേരിലുള്ള ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പറയുന്നു.

ഇതിനു പുറമേ രക്തക്കറയുള്ള മുറിയിൽ ചിതറിക്കിടക്കുന്ന കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളുടെയും വസ്ത്രങ്ങളുടെയും ചിത്രം പങ്കുവച്ചും വിമർശനമുണ്ട്: ‘ഈ ദൃശ്യങ്ങളെ അപലപിക്കുന്നില്ലെങ്കിൽ നിങ്ങളുടെ വാക്കുകൾക്ക് യാതൊരു വിലയുമില്ല’ – പോസ്റ്റിൽ കുറിച്ചു.

‘ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിലും കൂട്ടക്കുരുതിയിലും ധീരമായി ഒന്നുമില്ല. ഹമാസിനെ (ഐഎസ്ഐഎസ്) അപലപിക്കുന്നത് തീർച്ചയായും പലസ്തീൻ വിരുദ്ധമല്ല. നിഷ്ഠൂരരായ ഭീകരർക്കെതിരായ ഈ പോരാട്ടത്തിൽ ഇസ്രായേലികളെ പിന്തുണയ്ക്കുന്നതാണ് ഇവിടുത്തെ ശരി’ – എന്നും കുറിപ്പിലുണ്ട്.

Advertisement