സൗദിയിൽ 200 നഗരങ്ങളെ ബന്ധിപ്പിച്ച് 76 റൂട്ടുകളിൽ പൊതുയാത്രാ ബസ് സർവീസുകൾ; 35,000 പേർക്ക് തൊഴിലവസരം

Advertisement

ജിദ്ദ: പ്രതിവർഷം 60 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ ലക്ഷ്യമിട്ട് സൗദിയിലെ മൂന്നു മേഖലകൾ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള 76 റൂട്ടുകളിൽ ബസ് സർവീസുകൾക്ക് തുടക്കമായി. പ്രത്യക്ഷമായും പരോക്ഷമായും 35,000 ലേറെ തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കും.

പുതിയ കമ്പനികളുടെ സർവീസുകൾ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ സ്വാലിഹ് അൽജാസിർ ഉദ്ഘാടനം ചെയ്തു. നഗരങ്ങൾക്കിടയിൽ ബസ് സർവീസ് നൽകുന്ന പുതിയ പദ്ധതി സൗദിയിൽ ബസ് സർവീസ് മേഖലയിലെ ആദ്യ വിദേശ നിക്ഷേപമാണെന്ന് സ്വാലിഹ് അൽജാസിർ പറഞ്ഞു. ഉത്തര സൗദിയിൽ ബസ് സർവീസ് സേവനം നൽകുന്നതിന്റെ കരാർ ലഭിച്ച ദർബ് അൽവതൻ കമ്പനി 26 റൂട്ടുകളിൽ 75 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 124 സർവീസുകൾ നടത്തും. വടക്കു, പടിഞ്ഞാറൻ മേഖലയിൽ76 ബസ് സർവീസ് സേവനം നൽകുന്നതിന്റെ കരാർ ലഭിച്ച നോർത്ത് വെസ്റ്റ് ബസ് കമ്പനി 23 റൂട്ടുകളിൽ 70 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 190 സർവീസുകൾ നടത്തും. മൂന്നാമത്തെ കമ്പനിയായ സാറ്റ് ദക്ഷിണ മേഖലയിൽ 27 റൂട്ടുകളിലൂടെ 80 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 178 സർവീസുകളാണ് നടത്തുന്നത്.