വാഷിംഗ്ടൺ:
ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും രംഗത്ത്. വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബൈഡൻ ഇസ്രായേലിനുള്ള പിന്തുണ ആവർത്തിച്ചത്. ഇസ്രായേൽ നടത്തുന്ന യുദ്ധം ചരിത്രത്തിന്റെ ഗതിമാറ്റി കുറിക്കുന്ന ഘട്ടത്തിലാണെന്ന് ബൈഡൻ പറഞ്ഞു. ഹമാസിനെയും പുടിനെയും വിജയിക്കാൻ അനുവദിക്കില്ലെന്നും ബൈഡൻ വ്യക്തമാക്കി
അയൽ രാജ്യത്തിന്റെ ജനാധിപത്യത്തെ പൂർണമായും നശിപ്പിക്കാൻ ഇവർ രണ്ട് പേരും ആഗ്രഹിക്കുന്നു. യുക്രൈനിലെ അധികാരത്തിനും നിയന്ത്രണത്തിനുമുള്ള പുടിന്റെ വിശപ്പ് ഞങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, അദ്ദേഹം സ്വയം ഒതുങ്ങില്ലെന്നും ബൈഡൻ പറഞ്ഞു. ലോകത്തിന് മുന്നറിയിപ്പ് നൽകേണ്ടത് വലിയ രാഷ്ട്രമെന്ന നിലയിൽ അമേരിക്കയുടെ കടമയാണ്.
എല്ലാ തരത്തിലുമുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരാണ്. ഇസ്രയേൽ വ്യോമസേനക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരു വിഭാഗത്തും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപെടുത്തുന്നതായി വ്യക്തമാക്കിയ ബൈഡൻ പലസ്തീൻ ജനതയുടെ കടുത്ത ദുരിതത്തെ അപലപിക്കുന്നതായും അറിയിച്ചു.