ജെറുസലം: ഗാസയിൽ ബന്ദികളാക്കിയ രണ്ട് യുഎസ് വനിതകളെ ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസ് മോചിപ്പിച്ചതിനു പിന്നാലെ, കരയുദ്ധം തുടങ്ങാനുള്ള ഇസ്രയേലിന്റെ നീക്കം വൈകിപ്പിക്കാനുള്ള ശ്രമം സജീവമാക്കി യുഎസും യൂറോപ്യൻ രാജ്യങ്ങളും. ഗാസ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ഇസ്രയേൽ സൈനികർ കരയിലൂടെയുള്ള സൈനിക നീക്കം ആരംഭിച്ചാൽ ഗാസയിൽ ബന്ദികളാക്കിയ വിദേശപൗരന്മാർ ഉൾപ്പെടെയുള്ളവരുടെ ജീവനു ഭീഷണിയാകുമെന്ന് യുഎസ് ഉൾപ്പെടെ ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കരയുദ്ധം വൈകിപ്പിക്കാനുള്ള നീക്കം പാശ്ചാത്യശക്തികൾ നടത്തുന്നത്.
പല യൂറോപ്യൻ രാജ്യങ്ങളിലെയും പൗരന്മാർ ഹമാസിന്റെ പിടിയിലാണ്. ഈ രാജ്യങ്ങളാണ് യുഎസിനൊപ്പം ഇസ്രയേൽ സർക്കാരിൽ സമ്മർദം ചെലുത്തുന്നത്. സമയം അതിക്രമിക്കും തോറും ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികൾ സങ്കീർണമാകുമെന്നാണു വിലയിരുത്തൽ. കരയുദ്ധം നടത്തരുതെന്ന് ഇസ്രയേലിനെ നിർബന്ധിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സൈനികനീക്കം വൈകിപ്പിക്കാനുള്ള ശ്രമമാണ് വിവിധ സർക്കാരുകൾ നടത്തുന്നത്. ഈ സമയത്തിനുള്ളിൽ നയതന്ത്ര നീക്കങ്ങളിലൂടെ തങ്ങളുടെ ബന്ദികളെ മോചിപ്പിക്കാനാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
യുഎസ് പൗരന്മാരായ ജൂഡിത് റാനൻ( 59), മകൾ നേറ്റില റാനൻ(18) എന്നിവരെയാണ് ഹമാസ് ശനിയാഴ്ച മോചിപ്പിച്ചത്. ഇസ്രയേലിൽ ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ പിടിച്ചുകൊണ്ടു പോയ ഇരുന്നോറോളം പേരിൽ ഉൾപ്പെട്ടവരാണ് ഇവർ. ഇരുവരും വെള്ളിയാഴ്ച രാത്രിയോടെ ഇസ്രയേലിൽ തിരിച്ചെത്തിയതായി ഇസ്രയേൽ സർക്കാർ അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ‘മാനുഷിക പരിഗണന’വച്ചാണ് മോചന തീരുമാനമെന്ന് ഹമാസ് സൂചിപ്പിച്ചു.