ഗാസയിലേക്ക് മരുന്നും ആവശ്യ സാധനങ്ങളുമായി 20 ട്രക്കുകളെത്തി

Advertisement

ഗാസ.ദുരന്ത ഭൂമിയായ ഗാസയിലേക്ക് മരുന്നും ആവശ്യ സാധനങ്ങളുമായി 20 ട്രക്കുകളെത്തി. റഫാ അതിർത്തി തുറന്നതോടെയാണ് ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചത്. കടലിലൊരു തുള്ളിയെന്നാണ് ട്രക്കുകളെത്തിയതിനെ മനുഷ്യാവകാശ പ്രവർത്തകർ വിശേഷിപ്പിച്ചത്.

ഗാസയിലേക്ക് ആദ്യ ട്രക്ക് റാഫാ അതിർത്തി കടന്നയുടൻ ഈജിപ്ത് അതിർത്തിയിൽ ജനങ്ങളുടെ ആഹ്ളാദം അണപൊട്ടി. തൊട്ടിപ്പുറം ഗാസ ശ്മശാന മൂകമായിരുന്നു. 20 ട്രക്കുകളിൽ ഏറിയ പങ്കും മരുന്നാണ്. ഭക്ഷണ സാധനങ്ങൾ കുറച്ചു മാത്രം. ആദ്യമെത്തിയവയിൽ വെള്ളമോ ഇന്ധനമോ ഇല്ല. യുഎൻ സംഭരണ ശാലകളിലേക്കാണ് ട്രക്കുകൾ എത്തിയത്. ഗാസയിലെ വിതരണച്ചുമതല യുഎന്നിനാണ്. ബന്ദികളുടെ സുരക്ഷ കണക്കിലെടുത്ത് കരയുദ്ധത്തിനുളള നീക്കം തൽക്കാലം നിർത്തിവെയ്ക്കാൻ ഇസ്രയേലിനോട് അമേരിക്കയും സഖ്യകക്ഷികളും ആവശ്യപ്പെട്ടു.

ബന്ദികളെ മോചിപ്പിക്കാൻ ശ്രമം തുടരുകയാണ്. ചിലപ്പോൾ വിജയിച്ചേക്കാം എന്നാണ് അമേരിക്കൻ നിലപാട് .ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങളെ തുടർന്ന് യുഎസ് സ്വദേശികളായ ജൂഡിത് റാണൻ ,മകൾ നതാലിയ എന്നിവരെ ഹമാസ് വിട്ടയച്ചിരുന്നു. കെയ്റോയിൽ നടന്ന സമാധാന ഉച്ചകോടിയിൽ അറബ് രാജ്യങ്ങൾ ഗാസ കൂട്ടക്കുരുതിയിൽ ഇസ്രയേലിനെ വിമർശിച്ചു. സംയുക്ത പ്രഖ്യാപനത്തിന് സാധ്യത കുറവെന്നാണ് സൂചന . ജോർദാൻ ,ഈജിപ്ത് എന്നിവിടങ്ങൾ വിടാൻ പൗരന്മാർക്ക് അമേരിക്ക നിർദേശം നൽകി.

Advertisement