ന്യൂഡൽഹി: ഇസ്രയേൽ ആക്രമണത്തിൽ കൊടുംദുരതത്തിലായ ഗാസയിലെ ജനങ്ങൾക്കു ജീവകാരുണ്യ സഹായം അയച്ച് ഇന്ത്യ. 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരിതാശ്വാസ സാമഗ്രികളുമാണ് ഇന്ത്യ എത്തിക്കുന്നത്.
ജീവൻരക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിൻ, സാനിറ്ററി ഉപകരണങ്ങൾ, വെള്ളം ശുദ്ധീകരിക്കാനുള്ള ഗുളികകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ ഗാസയിലേക്ക് അയയ്ക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. ഈജിപ്തിലെ എൽ-ഐറിഷ് വിമാനത്താവളത്തിലേക്കാണു വിമാനം പോകുന്നത്. ഇവിടെനിന്ന് അതിർത്തി വഴിയാവും ഗാസയിലേക്ക് സഹായം എത്തിക്കുക.
യുഎസ് ഉൾപ്പെടെയുള്ളവരുടെ കടുത്ത സമ്മർദത്തെ തുടർന്ന് ഈജിപ്തിലെ റഫാ അതിർത്തിയിലൂടെ ജീവകാരുണ്യ സഹായവുമായി ട്രക്കുകൾ ശനിയാഴ്ചയാണു ഗാസയിലേക്കു പോയിത്തുടങ്ങിയത്. 20 ട്രക്കുകളാണ് ഇന്നലെ കടത്തിവിട്ടത്.