ദുബായ് : ഗസ്സയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ലോകം ഒന്നിച്ച് പ്രവർത്തിക്കണമെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന വിവിധ രാഷ്ട്രത്തലവന്മാർ പങ്കെടുത്ത സമാധാന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗസ്സയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി ഈജിപ്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേർത്തത്. സിവിലിയന്മാരെ സംരക്ഷിക്കുന്നതിന് ഏറ്റവും വലിയ മുൻഗണന നൽകണമെന്ന് യുഎഇ പ്രസിഡന്റ് ആവശ്യപ്പെട്ടു. വെടി നിർത്തലിനും ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിനും അടിയന്തര നടപടികൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈജിപ്തിൻ പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ സീസി, ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽ ദാനി, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ തുടങ്ങിയ പശ്ചമേഷ്യൻ രാഷ്ട്ര തലവന്മാരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നടക്കം പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുത്തു.