ടെൽ അവീവ്: ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോഗിച്ചെന്ന് റിപ്പോർട്ട്. ദൃശ്യങ്ങൾ ഇസ്രായേലി വ്യോമസേന ഞായറാഴ്ച പുറത്തുവിട്ടു.
ആദ്യമായിട്ടാണ് അയൺ സ്റ്റിംഗ് സംവിധാനം യുദ്ധത്തിൽ ഉപയോഗിക്കുന്നത്. ഗാസ മുനമ്പിലെ ഹമാസിന്റെ റോക്കറ്റ് ലോഞ്ചറുകൾ തകർക്കാനും ഹമാസ് പ്രവർത്തകരെ ഇല്ലാതാക്കാനുമാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ (ഐഡിഎഫ്) മാഗ്ലൻ യൂണിറ്റ് നൂതന ആയുധം ഉപയോഗിച്ചതെന്ന് വിശദീകരിച്ചു. വ്യോമസേനയുടെ സഹകരണത്തോടെ മഗല്ലൻ യൂണിറ്റ് മോർട്ടാർ ബോംബ് ഉൾപ്പെടെ വിവിധ ആയുധങ്ങൾ ഉപയോഗിച്ച് ഹമാസിനെ ആക്രമിച്ചെന്ന് അവകാശപ്പെട്ടു.
അയൺ സ്റ്റിംഗ് ഉപയോഗിച്ച് റോക്കറ്റ് ലോഞ്ചറിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ദൃശ്യമാണ് ഇസ്രായേൽ വ്യോമസേന എക്‌സിൽ പോസ്റ്റ് ചെയ്തത്. ലേസർ, ജിപിഎസ് തുടങ്ങിയ സംവിധാനമുള്ള 120 എംഎം മോർട്ടാർ യുദ്ധോപകരണമാണ് ‘അയൺ സ്റ്റിംഗ്’. 1-12 കിലോമീറ്ററാണ് ദൂരപരിധി. അതേസമയം ശത്രുക്കളല്ലാത്തവർക്ക് പരിക്കേൽക്കാനുള്ള സാധ്യത കുറക്കാനും കഴിയും. രണ്ടാഴ്ചത്തെ ഇസ്രായേൽ ബോംബാക്രമണത്തിൽ കുറഞ്ഞത് 4,600 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ അധികൃതർ അറിയിച്ചു.
അതേസമയം, രാസ ബോംബുകള്‍ ഉപയോഗിച്ച് ഇസ്രയേലിനെതിരെ ഭീകരാക്രണത്തിന് ഹമാസ് പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്‍റ് ഐസക് ഹെർസോഗ് ആരോപിച്ചു. സയനൈഡ് വിതറി കൂട്ടക്കൊല നടത്താനുള്ള നിർദേശങ്ങൾ അടങ്ങിയ യുഎസ്ബി ഡ്രൈവുകള്‍ കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. യുകെയിലെ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഹെർസോഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാസബോംബ് സംബന്ധിച്ച അല്‍ ഖ്വയ്ദയുടെ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള രാസായുധ പ്രയോഗമാണ് ഹമാസ് പദ്ധതിയിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്, അൽ ഖ്വയ്ദ, ഹമാസ് എന്നിവരെയാണ് തങ്ങള്‍ നേരിടുന്നതെന്നും ഹെർസോഗ് വിശദീകരിച്ചു.