റിയാദ് : സൗദിയിൽ ഇനിമുതൽ സന്ദർശക വിസ പുതുക്കാൻ രാജ്യത്തിന് പുറത്തു പോകേണ്ടതില്ല. ആറുമാസം വരെയുള്ള സന്ദർശക വിസ ഓൺലൈൻ ആയി രാജ്യത്തിനകത്ത് നിന്നു തന്നെ പുതുക്കാൻ സാധിക്കും. ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദർശന വിസകൾ എന്നിവയ്ക്കാണ് അവസരം ലഭിക്കുക. സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് അഥവാ ജവാസത്ത് ആണ് ഈ കാര്യം അറിയിചിട്ടുള്ളത്. സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ അബ്ശിർ, പ്ലാറ്റ്ഫോമുകൾ വഴിയാണ് വിസകൾ പുതുക്കേണ്ടത്. വിസ പുതുക്കുന്നതിന് 100 റിയാൽ ആണ് ജവാസത്ത് ഈടാക്കുന്നത്. മൾട്ടിപ്പിൾ വിസക്ക് മൂന്നുമാസത്തേക്ക് ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. വിസ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. 180 ദിവസം വരെ മാത്രമേ ഓൺലൈനിൽ വിസ പുതുക്കാൻ സാധിക്കുകയുള്ളൂ. അതിനു ശേഷം രാജ്യത്തിന് പുറത്തു കടന്ന് തിരിച്ചു വരേണ്ടി വരും. നേരത്തെ ഓരോ മൂന്നുമാസം കൂടുമ്പോഴും രാജ്യത്തിന് പുറത്തുപോയി വിസ പുതുക്കേണ്ടിയിരുന്നു. സൗദിയിലെ സന്ദർശക വിസകരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വളരെയധികം ആശ്വാസകരമാണ്.