ഷാർജ : ഷാർജയിലെ ടാക്സി കാറുകളിൽ ബ്രേക്ക് പ്ലസ് സഡൻ സംവിധാനം അവതരിപ്പിച്ച് ഷാർജ റോഡ് സുരക്ഷ അതോറിറ്റി. ഓടിക്കൊണ്ടിരിക്കെ ദ്രുതഗതിയിൽ വേഗം കുറയ്ക്കുകയോ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും ചെയ്താൽ വാഹനത്തിന്റെ പിൻവശത്തെ ഹസാൻഡ് ലൈറ്റുകൾ തെളിയുന്നതാണ് പുതിയ സംവിധാനം. ഇത് പിന്നിൽ വരുന്ന ഡ്രൈവർമാർക്ക് അപകട സൂചന നൽകുകയും വേഗം കുറയ്ക്കാൻ മുന്നറിയിപ്പുമായി പ്രവർത്തിക്കുകയും ചെയ്യും. ഇതുവഴി അപകടങ്ങൾ തടയാനും റോഡ് സുരക്ഷ ഉറപ്പാക്കാനും സുരക്ഷിതമായ ദൂരം നിലനിർത്താനും സാധിക്കും.
ഷാർജ ടാക്സിയുടെ എല്ലാ വാഹനങ്ങളിലും പുതിയ സുരക്ഷാ ഉപകരണം സ്ഥാപിച്ച് ബ്രേക്കിംഗ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഷാർജ ടാക്സിയിലെ ട്രാഫിക് സേഫ്റ്റി ടീം മേധാവിയും ഒസൂൾ ട്രാൻസ്പോർട്ട് സൊല്യൂഷൻസിലെ ഓപ്പറേഷൻ ആക്ടിംഗ് ഡയറക്ടറുമായ മുസ്തഫ ശാലബി പറഞ്ഞു. ഗതാഗത സുരക്ഷ കൈവരിക്കുന്നതിന് ഏറ്റവും മികച്ച സേവനങ്ങളും അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുന്നത് എന്നും ഷാർജ ടാക്സി ജനറൽ മാനേജർ ഖാലിദ് അൽ കിന്ദി പറഞ്ഞു. ഷാർജ എമിറേറ്റിൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ഷാർജ ടാക്സി, ഷാർജ സർ ക്കാരന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസെറ്റ് മാനേജ്മെന്റ് കമ്പനിയുടെ പദ്ധതിയാണ്