സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഹിസ്ബുല്ല ആക്രമണമെന്ന് റിപ്പോർട്ട്; പ്രസംഗം പാതിയിൽ നിർത്തി ബൈഡൻ

Advertisement

ഡമാസ്കസ്: സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. കിഴക്കൻ സിറിയയിലെ ദേർ എൽ-സൂർ പ്രവിശ്യയിലെ അൽ-ഒമർ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അൽ-ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.

ആക്രമണത്തെക്കുറിച്ച് വാഷിങ്ടൻ പ്രതികരിച്ചിട്ടില്ല. ജോർദാൻ, ഇറാഖ് അതിർത്തികൾക്ക് സമീപമുള്ള അൽ-താൻഫ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം പ്രസംഗം പാതിയിൽ നിർത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മടങ്ങിയിരുന്നു. ഇസ്രയേൽ – ഹമാസ് വിഷയത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മടങ്ങിയത്. ‘വെളിപ്പെടുത്താത്ത പ്രശ്നം’ കാരണം ‘സിറ്റുവേഷൻ റൂമി’ൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായി വന്നതിനെ തുടർന്ന് മടങ്ങിയതെന്നാണ് റിപ്പോർട്ട്. ‘എനിക്ക് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നമുണ്ട്, അതിനായി സിറ്റുവേഷൻ റൂമിലേക്ക് പോകേണ്ടതുണ്ട്’– എന്നു പറഞ്ഞ ശേഷം ബൈഡൻ മടങ്ങുകയായിരുന്നു.

ഒക്‌ടോബർ 7ന് ആരംഭിച്ച ഇസ്രയേൽ – ഹമാസ് സംഘർഷത്തെ തുടർന്ന് ഗാസയിൽ തടവിലായിരുന്ന രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഡ്രോൺ ആക്രമണത്തെ തുടർന്നാണ് അദ്ദേഹം പ്രസംഗം നിർത്തി മടങ്ങിയതെന്നാണ് റിപ്പോർട്ട്.