ഇ -സ്കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; എട്ടുമാസത്തിനിടെ മരിച്ചത് അഞ്ചുപേർ

Advertisement

ദുബായ് : ദുബായിൽ ഈ സ്കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ എട്ടുമാസത്തിനിടെ ഇ-സ്കൂട്ടർ അപകടത്തിൽ മരിച്ചത് അഞ്ചുപേർ. നിയമം പാലിക്കാത്ത ഇ-സ്കൂട്ടർ ഡ്രൈവർമാർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് ദുബായ് ആർടിഎ യെ അറിയിച്ചു. കഴിഞ്ഞ എട്ടു മാസത്തിനിടയിൽ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ 32 ഇ-സ്കൂട്ടർ അപകടങ്ങളിൽ അഞ്ച് പേർ മരിച്ചതിന് പുറമേ 29 പേർക്ക് പരിക്കേറ്റതായി ആർടിഎ അറിയിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ വിവിധ നിയമലംഘനങ്ങൾക്ക് പതിനായിരം ദിർഹം വരെ ഇ-സ്കൂട്ടർ റൈഡർമാർക്ക് പിഴ ചുമത്തിയതായി ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സേയ്ഫ് മുഹൈർ മസ്ഊദ് പറഞ്ഞു.

16 വയസ്സിന് താഴെയുള്ളവർ ഇ-സ്കൂട്ടർ ഓടിക്കുക, വേഗപരിധി പാലിക്കാതിരിക്കുക, റിഫ്ലക്റ്റീവ് ജാക്കറ്റുകളും ഹെൽമെറ്റും ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടിയത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാകും വിധത്തിൽ വാഹനമോടിച്ച റൈഡർമാർക്ക് 300 ദിർഹം പിഴ ചുമത്തിയിട്ടുണ്ട്. ഇ-സ്കൂട്ടർ ഉപയോക്താക്കൾ സുരക്ഷാ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് ആർ ടി എ അറിയിച്ചു.