സൗദി ടൂറിസം ; ഈ വർഷം 10 കോടി സന്ദർശകരെത്തും

Advertisement

റിയാദ് : ഈ വർഷം അവസാനത്തോടെ പത്തുകോടി വിനോദസഞ്ചാരികൾ സൗദിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം മന്ത്രി പറഞ്ഞു. 2030 ഓടെ പ്രതിവർഷം 15 കോടി സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സൗദിയുടെ വിനോദസഞ്ചാരം മേഖലയിലും വൻ വളർച്ചയാണ് സൃഷ്ടിക്കുന്നത്. ഈ വർഷം അവസാനത്തോടെ പത്തു കോടി വിനോദസഞ്ചാരികൾ സൗദിയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. 2030 ഓടെ പ്രതിവർഷം 15 കോടി സന്ദർശകരെയാണ് കിരീടവകാശി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദി ജിഡിപിയിൽ ടൂറിസം മേഖലയിൽ നിന്നുള്ള സംഭാവന ഈ വർഷാവസാനത്തോടെ ഏകദേശം 6 ശതമാനത്തിലെത്തും. പ്രാദേശികവും അന്തർദേശീയവുമായ 10 കോടിയോളം സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിലൂടെ ഈ മേഖലയുടെ സംഭാവന 3 ശതമാനത്തിൽ നിന്ന് 10% ആയി ഉയർത്തുകയാണ് ലക്ഷ്യം. ഈ വർഷം ഇതുവരെ ഏഴര കോടിയോളം പ്രാദേശിക വിനോദസഞ്ചാരികൾ എത്തിക്കഴിഞ്ഞു. മൂന്നുകോടി വിദേശ സന്ദർശകരെ കൂടി ഈ വർഷം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

Advertisement