അഗ്നി സുരക്ഷാ ലംഘനത്തിന് കനത്ത പിഴ

Advertisement

അബൂദബി: അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിയമലംഘനങ്ങൾക്ക് കടുത്ത പിഴയുമായി അധികൃതർ. രാജ്യത്തെ എല്ലാ കെട്ടിടങ്ങൾക്കും അപായ സൈറൺ അടക്കം എല്ലാ അഗ്നിശമന ഉപകരണങ്ങളും നിർബന്ധമാണെന്ന് സിവിൽ ഡിഫൻസ് നോട്ടീസിൽ അറിയിച്ചു ഉപകരണങ്ങൾ സജ്ജമാക്കുന്നതിന് പുറമേ അവ എളുപ്പം ലഭ്യമായിരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് കെട്ടിടത്തിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് കടുത്ത നിയമലംഘനമാണ്. 2000 ദിർഹമാണ് ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. പാചകവാതക സംഭരണികളുടെ പരിസരങ്ങളിലെ ശുചിത്വം ഇല്ലായ്മ, സിവിൽ ഡിഫൻസിന്റെ അനുമതിയില്ലാതെ മുറികളിലും അടുക്കളകളിലും മേൽക്കൂരകളിലും നടത്തുന്ന കൂട്ടിച്ചേർക്കലുകൾ, അടിയന്തര രക്ഷാമാർഗ്ഗങ്ങൾ അടച്ച് ഇടനാഴികളിൽ ഉൾപ്പെടെ സാധനസാമഗ്രികൾ സൂക്ഷിക്കൽ തുടങ്ങി സുരക്ഷയെ ബാധിക്കുന്ന നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.

അനുമതിയില്ലാതെ കെട്ടിടത്തിൽ രൂപമാറ്റം വരുത്തി കൂടുതൽ ആളുകളെ താമസിപ്പിക്കുന്നത് 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന കുറ്റമാണ്. കൂടാതെ കുടുംബ താമസ കേന്ദ്രങ്ങളിൽ അവിവാഹിതർ താമസിക്കുന്നതും കെട്ടിടത്തിന്റെ ശേഷിയെക്കാൾ കൂടുതൽ പേർ താമസിക്കുന്നതും കുറ്റകരമാണ്. എമിറേറ്റിലെ വലിയ കെട്ടിടങ്ങളിലെ തീപിടുത്തം അണയ്ക്കാൻ അത്യാധുനിക ട്രോണുകൾ അബുദാബി സിവിൽ ഡിഫൻസിനായി തയ്യാറാക്കിയിരുന്നു. 800 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങളിലെ അഗ്നിബാധ അണക്കാൻ രണ്ടുതരം അത്യാധുനിക ആളില്ലാ ട്രോണുകളാണ് സജ്ജമാക്കിയത്.

Advertisement