സിറിയയിൽ ഇറാൻ ബന്ധമുള്ള കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസ്; ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി

Advertisement

വാഷിങ്ടൻ; കിഴക്കൻ സിറിയയിൽ ഇറാന്റെ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് കോറുമായി(ഐആർജിസി) ബന്ധമുള്ള രണ്ടു കേന്ദ്രങ്ങളിൽ യുഎസിന്റെ വ്യോമാക്രമണം. സിറിയൻ സമയം വെള്ളി പുലർച്ചെ 4.30നായിരുന്നു വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞയാഴ്ച ഇറാഖിലും സിറിയയിലും യുഎസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നിൽ ഇറാന്റെ പിന്തുണയുണ്ടെന്ന് ആരോപിച്ചാണ് വ്യോമാക്രമണം. ഇറാഖുമായി അതിർത്തി പങ്കിടുന്ന സിറിയയിലെ അബു കമൽ നഗരത്തിലെ ആയുധ, വെടിക്കോപ്പ് കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയത് രണ്ട് എഫ്–16 യുദ്ധവിമാനങ്ങളാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ 17ന് ആരംഭിച്ച ആക്രമണങ്ങളുടെ ബാക്കിപത്രമായി ഒരു യുഎസ് പൗരനായ കരാറുകാരൻ മരിച്ചിരുന്നു. 21 യുഎസ് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ മാസം വ്യാഴാഴ്ച വരെ കുറഞ്ഞത് 19 തവണയെങ്കിലും ഇറാന്റെ പിന്തുണയുള്ള സംഘം യുഎസ് സൈന്യത്തിനുനേർക്ക് ആക്രണം നടത്തിയെന്നാണ് യുഎസിന്റെ ഡിഫൻസ് ഡിപ്പാർട്മെന്റ് അറിയിച്ചത്. യുഎസ് സൈന്യത്തിനുനേർക്ക് ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിക്ക് വ്യാഴാഴ്ച രാവിലെ മുന്നറിയിപ്പു നൽകിയിരുന്നു. ഇറാഖിലും സിറിയയിലും വിന്യസിച്ച യുഎസ് പൗരന്മാരുടെ സംരക്ഷണത്തിനാണ് വ്യോമാക്രമണമെന്നും ഓസ്റ്റിൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന്റെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

∙ യുഎസിന് മുന്നറിയിപ്പ്

അതേസമയം, ഹമാസിനെതിരായ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ‘‘ഈ തീക്കളിയിൽനിന്ന് യുഎസിന് മോചനം ഉണ്ടാകില്ലെന്ന്’’ വ്യാഴാഴ്ച യുഎന്നിൽ ഇറാന്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹൈൻ പറഞ്ഞു. ഗാസയുടെ നിയന്ത്രണം കൈവശമുള്ള ഹമാസിനെയും ലബനനിലെ ഹിസ്ബുല്ലയെയും ഇറാനാണ് പിന്തുണയ്ക്കുന്നത്. അതിനിടെ, ഗാസയിൽ കരയുദ്ധത്തിന് ഇസ്രയേൽ തയാറെടുക്കുകയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. കരയുദ്ധം തുടങ്ങിയാൽ മധ്യപൂർവേഷ്യയിലെ നിലവിലെ സാഹചര്യം അത്യന്തം മോശമാകുന്ന സ്ഥിതിയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

∙ മേഖലയിലേക്ക് കൂടുതൽ യുഎസ് സൈന്യം

ഇസ്രയേൽ ഗാസയിൽ ആക്രമണം കടുപ്പിച്ചാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി യുഎസ് കൂടുതൽ സേനയെ മേഖലയിലേക്ക് അയച്ചു. ഇസ്രയേൽ ഹമാസ് സംഘർഷവും ഹിസ്ബുല്ല, സിറിയൻ സൈന്യം എന്നിവയുമായുള്ള സംഘർഷവും നിലനിൽക്കുന്നുണ്ട്. സിറിയൻ സൈനിക കേന്ദ്രങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കുമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും യുഎസ് മേഖലയിലേക്ക് അയയ്ക്കുന്നുണ്ട്. വ്യാഴാഴ്ചമാത്രം മധ്യപൂർവേഷ്യയിലേക്ക് 900ൽ അധികം യുഎസ് സൈനികരാണ് എത്തിയത്. അതേസമയം, ഇറാനുമായി യുദ്ധമുണ്ടാകുമോ എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനോട് വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ ‘‘യുദ്ധം വ്യാപിപ്പിക്കുന്നതിനോട് താൽപര്യമില്ലെന്ന’’ മറുപടിയാണ് ലഭിച്ചത്.

∙ അഭയാർഥികൾ 6,13,000

ഒക്ടോബർ ഏഴിന് ഗാസയിൽനിന്ന് അതിർത്തി കടന്നെത്തിയ ഹമാസ് ഇസ്രയേലിൽ വൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതുവരെ 1,400ൽ അധികം പേർ മരിച്ചതായാണ് ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്. 200ൽ പരം പേരെ ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്തു. എന്നാൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഇതുവരെ 7000 പേർ കൊല്ലപ്പെട്ടുവെന്ന് ഹമാസും വ്യക്തമാക്കി. ഇതിൽ 2,913 പേർ കുട്ടികളാണ്. പലസ്തീനിലെ അഭയാർഥികളുടെ എണ്ണം ഇതുവരെ 6,13,000 ആണെന്ന് യുഎൻ വെളിപ്പെടുത്തി.

Advertisement