ടെഹ്റാൻ: ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് മർദിച്ചതിനെത്തുടർന്ന് മെട്രോ ട്രെയിനിൽ കുഴഞ്ഞുവീണ പെൺകുട്ടി മരിച്ചു. അർമിത ഗൊരാവന്ദ് (16) എന്ന പെൺകുട്ടി ഒരു മാസം മുൻപാണ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മർദനത്തിനിരയായത്.
28 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞശേഷം ശനിയാഴ്ച രാവിലെയാണ് കുർദ് വംശജയായ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. പെൺകുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചുവെന്ന് ഇറാൻ സ്ഥിരീകരിച്ചിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അർമിത ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.
പൊലീസ് അർമിതയെ മർദിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ പൊലീസ് ഇതു നിഷേധിച്ചു. യാത്ര ചെയ്യുന്നതിനിടെ രക്തസമ്മർദത്തിലുണ്ടായ വ്യതിയാനത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നുെവന്നാണ് അധികൃതരുടെ വിശദീകരണം.
ഈ മാസം ഒന്നിനാണ് അർമിത ഗൊരാവന്ദ് മെട്രോയിൽ കൂട്ടുകാരികൾക്കൊപ്പം സഞ്ചരിക്കുന്നതിനിടയിൽ മതപൊലീസിന്റെ മർദനത്തെത്തുടർന്ന് ബോധരഹിതയായി വീണത്. പൗരാവകാശ സംഘടനയായ ഹെൻഗാവ് ആണ് സദാചാര പൊലീസ് പെൺകുട്ടിയെ പീഡിപ്പിച്ചതായി ആരോപിച്ചത്.
2022 സെപ്റ്റംബറിൽ കുർദ് യുവതി മഹ്സ അമിനി (22) കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നു വനിതകളുടെ നേതൃത്വത്തിൽ മാസങ്ങളോളം കനത്ത പ്രക്ഷോഭമാണു രാജ്യത്തുടനീളം നടന്നത്. അമിനിയും മസ്തിഷ്ക മരണത്തെ തുടർന്ന് 3 ദിവസം ആശുപത്രിയിലായിരുന്നു. അതിനിടെ കഴിഞ്ഞവർഷം മഹ്സ അമിനിയുടെ മരണം റിപ്പോർട്ട് ചെയ്ത 2 വനിതാ മാധ്യമപ്രവർത്തകരെ ഇറാൻ ജയിലിലടച്ചു. നിലോഫർ ഹമദി, ഇലാഹി മുഹമ്മദി എന്നിവർക്കാണു കോടതി യഥാക്രമം 13 വർഷവും 12 വർഷവും ജയിൽ ശിക്ഷ വിധിച്ചത്. ദേശീയ താൽപര്യത്തിനു വിരുദ്ധമായി യുഎസുമായി ചേർന്നു ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ ആരോപണം.