ദുബായ്; ദുബായിൽ മണിക്കൂറിൽ 280 കിലോമീറ്റർ വേഗത്തിൽ ബൈക്കോടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . യുവാവിൻറെ ബൈക്ക് ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു. 50,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെയാണ് പൊലീസിന്റെ നടപടി. അപകടകരമായ രീതിയിൽ ഇയാൾ വാഹനോടിക്കുന്ന വിഡിയോ അധികൃതർ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. ഒരു കൈ കൊണ്ട് ബൈക്കോടിച്ച് അഭ്യാസപ്രകടനം നടത്തുന്നതും വിഡിയോയിൽ കാണാം.
അതിവേഗത്തിൽ വാഹനമോടിക്കുന്നതും അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്നതും ഓടിക്കുന്നയാളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. നിരവധി തവണ ഇത്തരം പ്രവൃത്തികൾ ചെയ്തതായി അറസ്റ്റ് ചെയ്യപ്പെട്ടയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് മോട്ടോർ സൈക്കിൾ കണ്ടുകെട്ടുകയും അയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്നും പറഞ്ഞു.
എല്ലാ മോട്ടോർ സൈക്കിൾ യാത്രക്കാർക്കും റോഡുകളിൽ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങിനെതിരെ ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മുന്നറിയിപ്പ് നൽകി. കുറ്റവാളികളെ വിളിച്ചുവരുത്തുകയും അവരുടെ മോട്ടോർസൈക്കിളുകൾ കണ്ടുകെട്ടുകയും നിയമനടപടികൾ നേരിടുകയും ചെയ്യും. റോഡ് സുരക്ഷയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് നിയമലംഘകരോട് പൊലീസിന്റെ സീറോ ടോളറൻസ് സമീപനം അൽ മസ്റൂയി ആവർത്തിച്ചു. അത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന 80 ശതമാനത്തിലധികം വ്യക്തികളും ഗുരുതരമായ അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്, അതിന്റെ ഫലമായി മരണങ്ങളോ ഗുരുതരമായ പരുക്കുകളോ ഉണ്ടായി. ദുബായ് പൊലീസ് ആപ്പിലെ “പൊലീസ് ഐ” സേവനത്തിലൂടെയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ “ഞങ്ങൾ എല്ലാവരും പൊലീസ്” സേവനത്തിൽ വിളിച്ചോ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ മേജർ ജനറൽ സെയ്ഫ് അൽ മസ്‌റൂയി പൊതുജനങ്ങളോട് അഭ്യർഥിച്ചു.