ഗസ്സ ആക്രമണം; അറബ് ഉച്ചകോടി റിയാദിൽ നവംബർ 11ന്

Advertisement

ജിദ്ദ: ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം ചർച്ച ചെയ്യുന്നതിന് നവംബർ 11 ന് റിയാദിൽ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തര ഉച്ചകോടി ചേരുന്നു. അറബ് ലീഗ് ജനറൽ സെക്രട്ടേറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീന്റെയും സൗദി അറേബ്യയുടെയും അഭ്യർഥന മാനിച്ചാണ് അടിയന്തിര ഉച്ചകോടി വിളിച്ചുകൂട്ടുന്നത്.

അറബ് ലീഗ് ഉച്ചകോടിയായി തന്നെ അസാധാരണമായ സമ്മേളനം നടത്തണമെന്ന ഫലസ്തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഔദ്യോഗികമായി ആവശ്യമുണ്ടായതായി അറബ് ലീഗ് സെക്രട്ടേറിയേറ്റ് പറഞ്ഞു. ലീഗി ൻറ 32-ാ സെഷൻ അധ്യക്ഷ ചുമതലയുള്ള സൗദി അറേബ്യയുടെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക.ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഫലസ്തീനിയൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് തിങ്കളാഴ്ച ജനറൽ സെക്രട്ടേറിയറ്റിന് ഫലസ്തീനിൽ നിന്നും സൗദി അറേബ്യയിൽനിന്നും ഔദ്യോഗിക അഭ്യർഥന ലഭിച്ചിട്ടുണ്ടെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അംബാസഡർ ഹുസാം സക്കി പറഞ്ഞു. ഫലസ്തീൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ അഭ്യർഥന അറബ് ലീഗ് അംഗരാജ്യങ്ങൾക്ക് നൽകിയതായും വിതരണം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.