ഷാർജ:
അന്താരാഷ്ട്ര പുസ്തകോൽസവത്തിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കം. ‘നാം പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഇക്കുറി മേള. ഇന്ത്യയടക്കം 108 രാജ്യങ്ങളിൽ നിന്ന് 2,033 പ്രസാധകരുടെ വിവിധ ഭാഷകളിലെ 15ലക്ഷം പുസ്തകങ്ങളാണ് മേളക്കെത്തിയിരിക്കുന്നത്. പുസ്തക മേളയുടെ 42-ാം എഡിഷനാണിത്. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു.
ദക്ഷിണ കൊറിയയാണ് ഇത്തവണ മേളയുടെ അഥിതി രാജ്യം. ശൈഖ് സുൽത്താൻ കൊറിയൻ പവലിയനും സന്ദർശിച്ചു. മേളയുടെ ദിവസങ്ങളിൽ ആകെ 1,700 പരിപാടികളും വിവിധ വിഷയങ്ങളിലെ ശിൽപശാലകളും നടക്കും. 460 സാംസ്കാരിക പരിപാടികൾ അരങ്ങേറും. അറബി ഭാഷയുടെ പരിണാമം വിവരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങിൽ നടന്നു. നവംബർ 12 വരെ നീളുന്ന മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രഗൽഭ രചയിതാക്കളും ചിന്തകരും ജനപ്രതിനിധികളും പ്രസാധകരും പങ്കെടുക്കും. ലോകത്തെ 69രാജ്യങ്ങളിൽ നിന്നായി 215 മുഖ്യാഥിതികളാണ് പുസ്തകോൽസവ വേദിയിലെത്തുക.
1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരും ഇക്കുറി മേളക്കെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര പ്രസാധകരുടെ എണ്ണത്തിൽ ഇത്തവണ വർധനയുണ്ട്. ഏറ്റവും കൂടുതൽ പ്രസാധകർ യു.എ.ഇയിൽ നിന്നാണ്.