ഹിസ്ബുല്ലയ്ക്ക് ആധുനിക ആയുധങ്ങൾ നൽകാൻ വാഗ്നർ ഗ്രൂപ്പ്

Advertisement

വാഷിങ്ടൻ: ഗാസയിൽ ഹമാസ്– ഇസ്രയേൽ യുദ്ധം രൂക്ഷമാകവെ നിർണായക ഇടപെടലുമായി റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ്. ഹമാസിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ച, ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയ്ക്കു വാഗ്നർ ഗ്രൂപ്പ് ആയുധങ്ങൾ നൽകാനൊരുങ്ങുന്നു എന്നാണു വിവരം. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹിസ്ബുല്ലയും വാഗ്നർ ഗ്രൂപ്പും തമ്മിലുള്ള ചർച്ചകളും ഇടപെടലുകളും യുഎസ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആധുനിക വിമാനവേധ മിസൈലായ എസ്എ–22 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഹിസ്ബുല്ലയ്ക്കു വാഗ്നർ നൽകിയേക്കുമെന്നാണു സൂചന. ട്രക്കിൽ ഘടിപ്പിച്ച സർഫസ് ടു എയർ മിസൈലും വിമാനവേധ ആയുധങ്ങളും ഉൾപ്പെടുന്നതാണ് പാന്റ്‌സിർ– എസ്1 എന്നറിയപ്പെടുന്ന എസ്എ–22 സംവിധാനം. റഷ്യയിൽ നിർമിച്ചതാണിത്.

റഷ്യ– യുക്രെയ്ൻ യുദ്ധത്തിനും എസ്എ–22 ഉപയോഗിക്കുന്നുണ്ട്. ഇസ്രയേൽ സേനയും ഹിസ്ബുല്ലയും തമ്മിൽ ലബനൻ അതിർത്തിയിൽ പോരാട്ടം കനക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വാഗ്നർ ഗ്രൂപ്പിന്റെ രംഗപ്രവേശം. എസ്എ–22 സംവിധാനം ലബനനിൽനിന്ന് ഗാസയിലേക്ക് എത്തിക്കുമോ, ഹമാസിന്റെ കൈവശമെത്തുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. വിഷയത്തിൽ റഷ്യ മൗനം പാലിക്കുകയാണ്.

ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സേന കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും ഹിസ്ബുല്ലയ്ക്കും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയായിരുന്നു ആക്രമണം. പലസ്തീനെ പിന്തുണയ്ക്കണമെന്നും ഹമാസിനു ആയുധങ്ങൾ നൽകണമെന്നും കഴിഞ്ഞ ദിവസം ഉത്തര കൊറിയയും തീരുമാനിച്ചിട്ടുണ്ട്.