നോർത്ത് ഡക്കോട്ടയിൽ കാമുകനെ ആന്റിഫ്രീസ് നൽകി കൊലപ്പെടുത്തി യുവതി. കാമുകന് പാരമ്പര്യമായി 250 കോടിയിലധികം രൂപ കൈവന്നതിന് തൊട്ടുപിന്നാലെയാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്. ഭീമമായ ഈ തുക കയ്യിലെത്തിയതിന് പിന്നാലെ തന്നെ കാമുകൻ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന് മനസിലായതിനെ തുടർന്നാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്.
യുവതിയുടെ കാമുകൻ 51 -കാരനായ സ്റ്റീവൻ റിലേ അഭിഭാഷകനുമായി സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. ആ സമയത്താണ് ഇയാളുടെ ആരോഗ്യനില മോശമായത്. പിറ്റേന്ന് കാമുകിയായ ഇന തിയ കെനോയർ എമർജൻസി സർവീസ് നമ്പറായ 911 -ലേക്ക് വിളിച്ചു. ഉടൻ തന്നെ ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും റിലേ പ്രതികരിക്കാത്ത അവസ്ഥയിൽ എത്തിയിരുന്നു. പെട്ടെന്ന് തന്നെ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും തുടർന്നുള്ള ദിവസം മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ, നടന്ന അന്വേഷണത്തിലാണ് ഇനയാണ് കൊലപാതകം നടത്തിയത് എന്ന് മനസിലാവുന്നത്. നോർത്ത് ഡക്കോട്ടയിലെ ഏറ്റവും ഗുരുതരമായ കൊലപാതക കുറ്റമാണ് ഇവർക്ക് മേൽ ചാർത്തിയിരിക്കുന്നത്.
വളരെ അധികം വർഷങ്ങളായി ഇനയും റിലേയും ഒരുമിച്ചാണ് താമസിക്കുന്നത്. ഔദ്യോഗികമായി ഭാര്യാ ഭർത്താക്കന്മാരല്ലെങ്കിലും ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് ഇവർ കഴിയുന്നത് (common-law wife). അതുകൊണ്ട് റിലേയ്‍ക്ക് പാരമ്പര്യമായി കൈവന്നിരിക്കുന്ന സ്വത്തിൽ തനിക്കും റിലേയുടെ മകനും ഒരുപോലെയായിരിക്കും അവകാശം എന്നാണ് ഇന കരുതിയിരുന്നത്.
എന്നാൽ, പണം കൈവന്നതിന് പിന്നാലെ തന്നെ ഒഴിവാക്കാനാണ് റിലേയുടെ പദ്ധതി എന്ന് മനസിലായപ്പോഴാണ് ഇന അയാളെ കൊല്ലാൻ തീരുമാനിച്ചത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടന്നത് സപ്തംബറിലാണെങ്കിലും ഒക്ടോബർ 30 -നാണ് ഇന അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇവർ അറസ്റ്റിലായ വിവരം മിനോട്ട് പൊലീസ് ഡിപാർട്‍മെന്റ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.
പൊലീസ് ഡിപാർട്മെന്റിട്ട പോസ്റ്റിന് റിലേയുടെ മകൻ നൽകിയ കമന്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘റെസ്റ്റ് ഇൻ പീസ് ഡാഡ്, നിങ്ങൾക്ക് അർഹിക്കപ്പെട്ട നീതി ലഭിച്ചു’ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നായിരുന്നു റിലേയുടെ മകൻ റയാൻ ഡിലേ കമന്റ് ചെയ്തത്.