ഫ്രാങ്ക്ഫര്‍ട്ട്: നാല് വയസ്സുള്ള മകളെയും അരികില്‍ ഇരുത്തി റണ്‍വേയിലേക്ക് കാറോടിച്ച് കയറ്റിയ യുവാവ്, വിമാനത്താവളത്തെ മുള്‍മുനയില്‍ നിര്‍ത്തിയത് 18 മണിക്കൂറാണ്. വിമാനത്തിനരികെ ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്തു.
തോക്കും സ്ഫോടക വസ്തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇതോടെ വിമാനത്താവളം അടച്ചു. ഒടുവില്‍ യുവാവിനെ അറസ്റ്റ് ചെയ്തതോടെയാണ് ബന്ദി നാടകം അവസാനിച്ചത്. ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
തോക്കും സ്ഫോടക വസ്തുക്കളും കൈവശം വച്ച യുവാവ് ശനിയാഴ്ച രാത്രി പ്രാദേശിക സമയം എട്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ഗേറ്റിലൂടെ കാര്‍ ഓടിച്ചുകയറ്റിയത്. അപ്രതീക്ഷിതമായുണ്ടായ സംഭവം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നവരെ പരിഭ്രാന്തിയിലാക്കി. വേഗം തന്നെ യാത്രക്കാരെ ഒഴിപ്പിക്കുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
തന്‍റെ മകളെ യുവാവ് തട്ടിക്കൊണ്ടുപോയെന്ന് ഇയാളുടെ ഭാര്യ അതിനിടെ പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് ബന്ദി നാടകത്തിന്‍റെ കാരണം വ്യക്തമായത്. കുട്ടിയുടെ അവകാശം സംബന്ധിച്ച് യുവാവും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ട്. ഇതിന്‍റെ തുടച്ചയായാണ് യുവാവ് മകളെ ബന്ദിയാക്കിയത്. മകളെ ബന്ദിയാക്കിയതറിഞ്ഞ് കുട്ടിയുടെ അമ്മയും വിമാനത്താവളത്തില്‍ എത്തി.
ഒരു സൈക്കോളജിസ്റ്റിനെ വിമാനത്താവളത്തില്‍ എത്തിച്ച് യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ആദ്യമൊന്നും പിന്മാറാന്‍ തയ്യാറായില്ല. ഇതോടെ 18 മണിക്കൂറിന് ശേഷം യുവാവിനെ അറസ്റ്റ് ചെയ്തു. കുട്ടിയെ സുരക്ഷിതയായി പുറത്തെത്തിച്ചു. പിന്നാലെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. 34,500 യാത്രക്കാരുമായി ആകെ 286 വിമാനങ്ങളാണ് ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്നത്. ഈ സംഭവത്തോടെ വിമാനത്താവളത്തിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നു. ഇതേവിമാനത്താവളത്തില്‍ കാലാവസ്ഥാ പ്രവർത്തകർ റൺവേയിൽ കയറി വിമാനങ്ങൾ തടഞ്ഞത് നാല് മാസം മുന്‍പാണ്.