ടെൽ അവീവ്: ഒക്ടോബർ ഏഴിനു നടന്ന ഹമാസ് ആക്രമണത്തിനു പിന്നാലെ ജോലിയിൽനിന്നു പിരിച്ചുവിട്ട പലസ്തീൻകാർക്കു പകരം ഒരു ലക്ഷത്തോളം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാൻ ഇസ്രയേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്. ജോലിയിൽനിന്ന് പറഞ്ഞയച്ച 90,000ലധികം പലസ്തീൻകാർക്കു പകരമായി ഇന്ത്യയിൽനിന്നുള്ളവരെ ജോലിക്കായി റിക്രൂട്ട് ചെയ്യാൻ അനുമതി തേടി നിര്‍മാണ മേഖലയിലെ കമ്പനികൾ ഇസ്രയേൽ സർക്കാരിനെ സമീപിച്ചതായാണ് വിവരം.
കമ്പനികൾ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടിൽ സൂചനയുണ്ട്. പലസ്തീനിയൻ ജോലിക്കാരെ പിരിച്ചുവിട്ടത് ഇസ്രയേലിലെ നിർമാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രയേൽ ബിൽഡേഴ്സ് അസോസിയേഷൻ പ്രതിനിധിയെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ടു ചെയ്തത്.
നിർമാണ മേഖലയിലേക്കും നഴ്സിങ് രംഗത്തേക്കും ഇന്ത്യയിൽനിന്നുള്ളവർക്ക് കൂടുതൽ അവസരം നൽകാൻ നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. നിലവിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന വിദേശികളിൽ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്.
അതേസമയം ഇസ്രയേൽ – ഹമാസ് സംഘർഷം അയവില്ലാതെ തുടരുകയാണ്. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ഓളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ഇതിനു തിരിച്ചടിയായി ഹമാസിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ ഇസ്രയേൽ ഗാസയിൽ ആക്രമണം തുടരുകയാണ്. പതിനായിരത്തിലേറെപ്പേർക്കാണ് ഇതിനകം ഗാസയിൽ ജീവൻ നഷ്ടപ്പെട്ടത്.