ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിട്ടു; ഗാസ കുട്ടികളുടെ ശവപറമ്പായെന്ന് യുഎൻ

Advertisement

അമേരിക്ക:
ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ഗാസ കുട്ടികളുടെ ശവപറമ്പായി മാറിയെന്ന് യുഎൻ. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രായേൽ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതിൽ 4104 പേരും കുട്ടികളാണ്. ഗാസ കുട്ടികളുടെ ശവപറമ്പായി മാറിയെന്നാണ് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് പറഞ്ഞത്.

വെടിനിർത്തൽ ചർച്ച ചെയ്യാനായി ചേർന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. വടക്കൻ ഗാസയിൽ ഭക്ഷ്യ വസ്തുക്കളും ഇന്ധനവും തീർന്ന നിലയാണ്. ഗാസയിൽ ഫീൽഡ് ആശുപത്രി സജ്ജമാക്കാൻ യുഎഇ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി സാമഗ്രികളുമായി അഞ്ച് വിമാനങ്ങൾ യുഎഇയിൽ നിന്ന് ഉടൻ ഗാസയിൽ എത്തും.