മാനവരാശിയുടെ ചരിത്രത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഏടുകളാണ് യുദ്ധങ്ങളുടേത്. ചെറുതും വലുതുമായ ആയിരക്കണക്കിനു യുദ്ധങ്ങൾ മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഈ യുദ്ധങ്ങൾ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളും വളരെ വലുതാണ്.
എന്നാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി യുദ്ധം പാരിസ്ഥിതികമായും വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും രാസായുധങ്ങൾ. ആയുധ പ്രയോഗങ്ങളുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ഇപ്പോൾ ചർച്ചയ്ക്കു കാരണമായത് ഗാസയിൽ ഇസ്രയേൽ നടത്തിയ രാസായുധപ്രയോഗമാണ്.
പലപ്പോഴായി മാസങ്ങളോളം നീളുന്ന ഉപരോധങ്ങൾക്കു വിധേയമാകാറുള്ള പലസ്തീൻ മേഖല ഇക്കാരണം കൊണ്ടുതന്നെ വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിനു പുറമെയാണ് വൈറ്റ് ഫോസ്ഫറസ് പോലുള്ള രാസായുധങ്ങൾ കൊണ്ടുള്ള ഇസ്രയേലിന്റെ ആക്രമണം. ഈ പാരിസ്ഥിതിക ആഘാതങ്ങളിൽനിന്ന് മേഖല മുക്തമാകണമെങ്കിൽ പല പതിറ്റാണ്ടുകൾ വേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു.
19 ാം നൂറ്റാണ്ടിലാണ് വൈറ്റ് ഫോസ്ഫറസ് എന്ന രാസവസ്തു കണ്ടെത്തുന്നത്. ആദ്യകാലത്ത് യുദ്ധമേഖലകളിൽ പുക നിറച്ച് സൈന്യത്തിനു കടന്നുചെല്ലാനാണ് വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ആയുധം എന്ന തോതിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു തുടങ്ങിയെങ്കിലും അതിന്റെ രൂക്ഷത ലോകം അറിയുന്നത് വിയറ്റ്നാം യുദ്ധകാലത്താണ്.
ഓക്സിജനുമായി സമ്പർക്കത്തിലായാൽ പെട്ടെന്ന് ആളിപ്പടരും എന്നതാണ് വൈറ്റ് ഫോസ്ഫറസിനെ മാരകമാക്കുന്നത്. മനുഷ്യരിലും മരങ്ങളിലും മുതൽ കെട്ടിടങ്ങളിൽ വരെ വേഗത്തിൽ തീ പടർത്താൻ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കാം. ജനീവ കൺവൻഷൻ പ്രോട്ടോക്കോളും രാജ്യാന്തര ക്രിമിനൽ കോടതി ചട്ടവും പ്രകാരം മനപ്പൂർവം വൈറ്റ് ഫോസ്ഫറസോ സമാനമായ ആയുധങ്ങളോ മനുഷ്യരിൽ പ്രയോഗിക്കാൻ പാടില്ല. എന്നാൽ ഈ നിയമം നിലനിൽക്കുമ്പോൾത്തന്നെ, നിരവധി തവണയാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ വൈറ്റ്ഫോസ്ഫറസ് മനുഷ്യർക്കു മേൽ ഉപയോഗിക്കപ്പെട്ടത്. ഇറാഖിൽ അമേരിക്ക പ്രയോഗിച്ചതും ഗാസയിൽ ഇസ്രയേൽ പ്രയോഗിച്ചതും ഇതിൽപെടുന്നു.
പാരിസ്ഥിതിക ആഘാതം
ഗാസയിലെ വൈറ്റ് ഫോസ്ഫറസിന്റെ ഉപയോഗം ഏറ്റവുമധികം ചർച്ചയായത് 2008 – 2009 യുദ്ധകാലത്താണ്. അന്ന് വ്യാപകമായി പലസ്തീൻ മേഖലയിൽ ഇസ്രയേൽ രാസായുധങ്ങൾ ഉപയോഗിച്ചിരുന്നു. അതു വലിയ ചർച്ചയ്ക്കും വ്യാപക പ്രതിഷേധത്തിനും ഇടയാക്കി. എന്നാൽ ജനവാസമേഖലകളിൽ തങ്ങൾ രാസായുധം ഉപയോഗിച്ചിട്ടില്ല എന്നാണ് അന്ന് ഇസ്രയേൽ വാദിച്ചത്. ഇപ്പോൾ നടക്കുന്ന യുദ്ധത്തിലും ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് ബോബുകൾ ഉപയോഗിച്ചെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.
വൈറ്റ് ഫോസ്ഫറസിന്റെ ഉപയോഗം പ്രകൃതിയിൽ വലിയ ആഘാതം ഉണ്ടാക്കുന്നുണ്ടെന്ന് ശാസ്ത്രലോകം മുൻപുതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. മത്സ്യസമ്പത്തിന്റെ നാശം, കൃഷിനാശം എന്നിവ മുതൽ കുടിവെള്ളം മലിനമാകുന്നതിനു വരെ വൈറ്റ് ഫോസ്ഫറസിന്റെ ഉപയോഗം കാരണമാകുന്നു. ഇത് താൽക്കാലികമല്ല, പതിറ്റാണ്ടുകളോളം നീണ്ടു നിൽക്കും. 2019 ലെ യുനിസെഫ് റിപ്പോർട്ട് പ്രകാരം ഗാസയിലെ 96 ശതമാനം വെള്ളവും കുടിക്കാൻ അനുയോജ്യമല്ല. ഗാസയിൽ വസിക്കുന്നവരിൽ 10 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുള്ളൂ എന്നും ഗവേഷകർ പറയുന്നു.
വലിയ തോതിൽ ഫോസ്ഫറസ് ഈ മേഖലയിലേക്ക് എത്തുന്നത് പ്രദേശത്തെ സമുദ്രത്തിലെ ജൈവവ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അളവിൽ കവിഞ്ഞ ഫോസ്ഫറസിന്റെ സാന്നിധ്യം സമുദ്രജീവികൾ വ്യാപകമായി ചത്തു പൊങ്ങാൻ കാരണമാകാറുണ്ട്. ഗാസയിൽ ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ മേഖല മലിനമായതോടെ മത്സ്യങ്ങൾ ഉൾപ്പടെ വിവിധയിനം സമുദ്രജീവികൾ മറ്റ് പ്രദേശങ്ങളിലേക്കു കുടിയേറിയെന്നും ഗവേഷകർ പറയുന്നു. ഈ മാറ്റം ഗാസയിലെ നാലായിരത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും തകർത്തു കളഞ്ഞു. അതിൽ പകുതിയോളം ഇന്ന് പട്ടിണിയിലാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
യുദ്ധങ്ങളും പരിസ്ഥിതിയും
ഗാസയിൽ മാത്രമല്ല, രാസായുധങ്ങളും ആണവായുധങ്ങളും ബോബുകളും ഉപയോഗിക്കപ്പെടുന്ന എല്ലാ യുദ്ധമേഖലയിലും സ്ഥിതി ഇതു തന്നെയാണ്. ഈ നൂറ്റാണ്ടിൽത്തന്നെ അഫ്ഗാനിസ്ഥാനിൽ മുതൽ യുക്രെയ്ൻ വരെ ലോകജനത സാക്ഷിയായതും ഇത്തരത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ച യുദ്ധങ്ങൾക്കാണ്. തകർക്കപ്പെടുന്ന കെട്ടിടങ്ങൾ മുതൽ നിരന്തരം യുദ്ധമുഖത്തേക്കെത്തുന്ന വാഹനങ്ങൾ വരെ വലിയ തോതിലുള്ള പരിസ്ഥിതിനാശത്തിന് കാരണമാകുന്നുണ്ട്. യുദ്ധം വിനാശകാരിയാകുന്നത് മനുഷ്യർക്കു മാത്രമല്ല പ്രകൃതിക്ക് കൂടിയാണ് എന്ന് വ്യക്തമാക്കുന്നതാണ് യുദ്ധങ്ങൾ പരിസ്ഥിതിയിലേൽപ്പിക്കുന്ന ആഘാതങ്ങൾ. അതിന് ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഗാസയും ആ മേഖലയിലെ പാരിസ്ഥിതികനാശവും.