വളരുമ്പോൾ നിനക്കാരാകാനാണ് ആഗ്രഹം? അങ്ങനെയൊരു ചോദ്യത്തിന് ‘ഞങ്ങൾ വളർന്ന് വലുതാകുമെന്ന് യാതൊരു ഉറപ്പുമില്ല, എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം’ എന്ന് ഉത്തരം പറയേണ്ടിവരുന്ന കുഞ്ഞുങ്ങൾ മാത്രമാകുന്ന ഒരു നാടിൻറെ ഭയം എത്രത്തോളമായിരിക്കും എന്ന് നമുക്ക് ചിന്തിക്കാൻ പറ്റുമോ? ആ അവസ്ഥയാണ് ഗാസയിലെ ഓരോ നിമിഷത്തിനും പറയാനുള്ളത്.
ഇവിടുത്തെ ഓരോ കുഞ്ഞുങ്ങളും ഓരോ നിമഷത്തിലും ഭയന്നാണ് നടക്കുകയും ഉറങ്ങുകയും കഴിക്കുകയും കളിക്കുകയും ചെയ്യുന്നത്. ‘ആരാകാൻ ആഗ്രഹിച്ചിട്ടെന്ത് കാര്യം, ഞങ്ങൾ വളർന്ന് വലുതാകുമെന്ന് യാതൊരു ഉറപ്പുമില്ല, എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം’ എന്ന പലസ്തീനി ബാലൻ പറഞ്ഞ മറുപടി ആരുടെയും ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതാണ്. ആ ബാലനും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ഒരു ഉറപ്പുമില്ല. ഈ യുദ്ധകാലത്തെന്നല്ല, ഇതിനും എത്രയോ മുമ്പ് തന്നെ ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്.
കലുഷിത ഭൂമിയായ ഗാസയിൽ നിരന്തരമുണ്ടാകുന്ന യുദ്ധങ്ങൾ എല്ലാക്കാലത്തും ഏറെയും ബാധിച്ചത് അവിടത്തെ കുഞ്ഞുങ്ങളെ തന്നെയായിരുന്നു. ഒരിടവേളയ്ക്കുശേഷം വീണ്ടും ഗാസ ചോരക്കളമാകുമ്പോഴും സ്ഥിതിയ്ക്ക് മാറ്റമില്ല. ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഓരോ ദിവസവും ശരാശരി 134 കുട്ടികളാണ് അവിടെ മരിച്ചുവീഴുന്നത്. ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘർഷങ്ങളിൽ കൊല്ലപ്പെടുന്നവരുടെ വാർഷിക കണക്കുകളേക്കാൾ മുകളിലാണ്. ഇതിനോടകം പതിനായിരം കടന്ന മരണസംഖ്യയിൽ 40% ത്തിൽ അധികമാണ് കുഞ്ഞുങ്ങൾ.
മരണം മാത്രമല്ല, അതിലും ഭീതിതമായ കാഴ്ചകൾ ഗാസയിലെ കുഞ്ഞുങ്ങളെ പിന്തുടരുന്നുണ്ട്. മനുഷ്യ മനസാക്ഷി മരവിച്ചുപോകുന്ന തരത്തിലെ ദൃശ്യങ്ങളാണ് ദിവസവും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്. പരിക്കേറ്റ് ഗാസയിലെ ആശുപത്രിയിലെത്തിപ്പെട്ട മുഹമ്മദ് അബു എന്ന കുഞ്ഞ് ഒന്ന് കരയാൻ പോലുമാകാതെ ഭയന്നുവിറയ്ക്കുന്ന വീഡിയോ കാണുന്നവരുടെ നെഞ്ച് തകർത്തുകളയും. അബു പിന്നീട് അഭയാർത്ഥി ക്യാമ്പിൽ എത്തിച്ചേർന്നു. അവന് കളിപ്പാട്ടങ്ങളും കെട്ടിപ്പിടിത്തങ്ങളും കിട്ടി. അവൻ ചിരിച്ചു. പക്ഷേ അഭയാർത്ഥി ക്യാമ്പുകളെ പോലും വെറുതെ വിടാതെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അതിജീവിക്കാൻ അവനാകുമോ? അറിയില്ല. അബുവിനെപ്പോലെ എത്രയെത്ര കുഞ്ഞുങ്ങൾ. മരണത്തിന്റെ മരവിപ്പ് മാത്രം മുഖങ്ങളിൽ കൊണ്ടുനടക്കുന്നവർ.
എപ്പോൾ വേണമെങ്കിലും ശരീരം ചിതറിപ്പോകാവുന്ന സ്വന്തം മക്കളെ തിരിച്ചറിയാൻ അവരുടെ കയ്യിലും വയറ്റിലും കാലിലുമെല്ലാം പേരെഴുതി വയ്ക്കുകയാണ് ഗാസയിലെ രക്ഷിതാക്കൾ. ഗാസയിലെ ആശുപത്രികളിൽ കുട്ടികളടക്കമുള്ള നൂറുകണക്കിനാളുകളാണ് ഇത്തരത്തിൽ സ്വന്തം ശരീരത്തിൽ പേരെഴുതിവച്ച് മരണഭയത്തോടെ ജീവിക്കുന്നതെന്ന് തുർക്കി വാർത്താ ഏജൻസിയായ അനാഡോലു റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്.
‘ഞങ്ങൾക്ക് ജീവിക്കണം, ഞങ്ങൾക്ക് സമാധാനം വേണം, ആഹാരവും മരുന്നും വിദ്യാഭ്യാസവും വേണം.. ഞങ്ങൾക്ക് ബോംബുകൾ വേണ്ട. സാധാരണ കുഞ്ഞുങ്ങൾ ജീവിക്കുന്നതുപോലെ ഞങ്ങൾക്കും ജീവിക്കണം….’, ഏതാനും ദിവസങ്ങൾക്കുമുമ്പ് ഗാസയിലെ കുഞ്ഞുങ്ങൾ അൽഷിഫ ആശുപത്രിയുടെ പുറത്തുനിന്ന് നടത്തിയ പത്രസമ്മേളനത്തിൽ ലോകത്തോട് പറഞ്ഞത് ഇങ്ങനെയാണ്. കളിപ്പാട്ടങ്ങളും മധുരങ്ങളും സ്വപ്നം കാണേണ്ട പ്രായത്തിൽ ഗാസയിലെ കുഞ്ഞുങ്ങൾ കാണുന്നത് ബോംബ് വർഷിക്കുന്ന വിമാനങ്ങളെയും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരിച്ചുകിടക്കുന്ന പ്രിയപ്പെട്ടവരെയുമാണ്. മറ്റുകുട്ടികൾ കഥകളെക്കുറിച്ചും കാർട്ടൂണുകളെക്കുറിച്ചും സംസാരിക്കുമ്പോൾ ഇവർക്ക് പറയേണ്ടി വരുന്നത് ഞങ്ങളെ കൊല്ലരുതേ എന്നാണ്…
യുദ്ധത്തിനിടയിലേക്ക് പിറന്നു വീഴുന്ന കുഞ്ഞുങ്ങളുമുണ്ട് ഗാസയിൽ. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ കണക്കനുസരിച്ച്, അമ്പതിനായിരം ഗർഭിണികളാണ് ഗാസയിലുള്ളത്. ഇവരിൽ ആയിരകണക്കിന് സ്ത്രീകളുടെ ഗർഭകാലം ഏകദേശം അവസാനിക്കാറായി. വിശ്രമവും പരിരക്ഷയും പോഷകങ്ങളുമൊക്കെ ആവശ്യമുള്ള ഈ സമയത്ത് സ്വന്തം ജീവനും ഉള്ളിലുള്ള ജീവനും കയ്യില്പിടിച്ച് ഓടിരക്ഷപെടുകയാണവർ, തങ്ങളുടെ പിഞ്ചോമനയുടെ മുഖം ഒന്ന് കാണാനെങ്കിലും കഴിയുമോ എന്ന ഭീതിയുമായി. ഏതവസ്ഥയിലാകും കുഞ്ഞിന് ജന്മം നൽകേണ്ടിവരിക എന്ന് അവിടത്തെ സ്ത്രീകൾക്ക് ഒരു നിശ്ചയവുമില്ല. ഡോക്ടർമാരോ നഴ്സുമാരോ പോയിട്ട് കുടുംബം പോലും കൂടെയില്ല. കുഞ്ഞ് ജനിച്ചശേഷം എന്തെന്നറിയില്ല. അവരുടെയെല്ലാം മുന്നിലുള്ളത് തകർന്ന വഴികളും കനത്ത ഇരുട്ടുമാണ്. അവർക്കാകെ പ്രതീക്ഷിക്കാനുള്ളത് മരണത്തെ മാത്രമാണ്…
ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ നഗരപ്രദേശങ്ങളിലൊന്നായിരുന്നു ഗാസ മുനമ്പ്. അവിടെയുള്ള അകെ ജനസംഖ്യയുടെ പകുതിയോളവും 18 വയസിന് താഴെയുള്ളവർ. അവർ കണ്ടതും അനുഭവിച്ചതും കടന്നുവന്നതുമെല്ലാം വേദനയുടെയും കഷ്ടതയുടെയും കഠിന വഴികളാണ്. ഒന്നോ അതിലധികമോ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണ് ഗാസയിലെ മിക്ക കുഞ്ഞുങ്ങളും. കുട്ടികളായിരിക്കുമ്പോൾത്തന്നെ ദുരിതപർവങ്ങൾ താണ്ടി അവരെല്ലാം മുതിർന്നുപോയിരിക്കുന്നു. വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് അവരിൽ പലർക്കും ഉത്തരമില്ലാതായിരിക്കുന്നു. അവരുടെ കണ്ണിൽ തിളക്കമോ ചുണ്ടിൽ ചിരിയോ ഇല്ലാതായിരിക്കുന്നു. അതേ, ഗാസ വളർന്ന് വലുതാകാത്ത കുഞ്ഞുങ്ങളുടെ നാടായി മാറിക്കൊണ്ടേയിരിക്കുകയാണ്.