ലണ്ടൻ: ചികിത്സയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിനൊടുവിൽ ഗുരുതര രോഗം ബാധിച്ച ബ്രിട്ടിഷ് പെൺകുട്ടി മരണത്തിന് കീഴടങ്ങി. ഡോക്ടർമാർ ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് എട്ട് മാസം പ്രായമുള്ള കുട്ടി മരണത്തിന് കീഴടങ്ങിയതെന്ന് മാതാപിതാക്കൾ അറിയിച്ചു.
ബ്രിട്ടനിലെ നിയമ-ആരോഗ്യ പരിപാലന സംവിധാനങ്ങൾക്ക് എതിരെ വൻ തോതിലുള്ള ജനരോക്ഷമാണ് സംഭവം ഉയർത്തുന്നത്. ഇൻഡി ഗ്രിഗറിയെന്ന എട്ട് മാസം പ്രായമുള്ള കുട്ടിയെ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് മാറ്റാനുള്ള ശ്രമം മാതാപിതാക്കൾ നടത്തിവരികയായിരുന്നു. ശരീരത്തിലെ കോശങ്ങൾ ഊർജം ഉൽപ്പാദിപ്പിക്കുന്നതിനെ തടയുന്ന ജനിതക അവസ്ഥയായ മൈറ്റോകോൺഡ്രിയൽ രോഗമാണ് ഇൻഡിക്ക് കണ്ടെത്തിയത്.
ഈ രോഗത്തിന് ചികിത്സയില്ല. കുട്ടിയുടെ മാതാപിതാക്കളായ ക്ലെയർ സ്റ്റാനിഫോർത്തും ഡീൻ ഗ്രിഗറിയും വത്തിക്കാൻ ഉടമസ്ഥതയിലുള്ള ബാംബിനോ ഗെസു ആശുപത്രിയിൽ ചികിത്സ നൽക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതേസമയം, ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസും (NHS) ഒന്നിലധികം യുകെ കോടതികളും കുട്ടിയെ റോമിലേക്ക് കൊണ്ടു പോകുന്നത് തടഞ്ഞു. കുട്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് വിധിയെന്ന് നാഷനൽ ഹെൽത്ത് സർവീസും കോടതികളും വ്യക്തമാക്കിയിരുന്നു. ഇതിനിടെ കുട്ടിക്ക് റോമിലെ സർക്കാർ പൗരത്വം നൽകി.കുട്ടിയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ വീട്ടിൽ വച്ച് മാത്രം നീക്കം ചെയ്യാവൂ, ആശുപത്രിയിൽ വച്ച് പാടില്ലെന്ന അപേക്ഷയും വെള്ളിയാഴ്ച അപ്പീൽ കോടതി നിരസിച്ചു.
‘‘എൻഎച്ച്എസും കോടതികളും കുട്ടിക്ക് കൂടുതൽ കാലം ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുക മാത്രമല്ല. കുടുംബവീട്ടിൽ വച്ച് ഇഹലോക വാസം വെടിയാനുള്ള അവസരവും നഷ്ടമാക്കി’’– ഡീൻ ഗ്രിഗറി പ്രസ്താവനയിൽ പറഞ്ഞു.
പരമ്പരാഗത കത്തോലിക്കാ കുടുംബ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിയുടെ നേതാവും ഇറ്റാലിയൻ പ്രധാനമന്ത്രിയുമായ ജോർജിയ മെലോനി, ഇൻഡി ഗ്രിഗറിക്ക് ഇറ്റാലിയൻ പൗരത്വം നൽകിയതായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
കുഞ്ഞ് ഇൻഡി ഗ്രിഗറിയുടെ കുടുംബത്തെയും അച്ഛനെയും അമ്മയും താൻ ആശ്ലേഷിക്കുന്നു. അവർക്കും വേണ്ടിയും കുഞ്ഞിന് വേണ്ടിയും പ്രാർഥിക്കുന്നു എന്ന് പോപ്പ് ഫ്രാൻസിസ് മാർപാപ്പ അനുശോചന സന്ദേശത്തിൽ പറഞ്ഞു,