സോഷ്യൽമീഡിയയിൽ കൗതുകം ഉണർത്തി ഫ്ലോറിഡയിലെ ആകാശ കാഴ്‌ച. ആകാശം രണ്ടായി പിളർന്ന രീതിയിൽ ഒരു വശം വെളിച്ചമുള്ളതും മറുവശം ഇരുണ്ടതുമായി കാണപ്പെട്ടു. എക്‌സിൽ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. സൂര്യാസ്‌തമയ സമയത്ത് കാണപ്പെട്ട ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം തിരക്കുകയാണ് സോഷ്യൽമീഡിയ ഇപ്പോൾ.
തിരക്കുള്ള ഒരു റോഡിൽ നിന്നും പകർത്തിയതാണ് ഈ വിഡിയോ. ‘ഫ്ലോറിഡയിൽ ആകാശം നേർരേഖയിൽ രണ്ടായി പിളർന്നു, ആശ്ചര്യപ്പെടാൻ ഒന്നുമില്ല’- എന്ന കുറിപ്പോടെയാണ് വിഡിയോ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. ഇരുപതു ലക്ഷത്തിലധം ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടത്. ‘വിചിത്രമായ കാഴ്‌ച’ എന്നായിരുന്നു പലരുടെ വിഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്‌തത്. എന്നാൽ മുൻപ് പല സ്ഥലങ്ങളിലും ഈ പ്രതിഭാസം സംഭവിച്ചിട്ടുണ്ട്. നിരവധി ആളുകൾ സമാനമായ ചിത്രങ്ങളും വിഡിയോയും കമന്റായി പോസ്റ്റ് ചെയ്‌തു.
ചക്രവാളത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഭീമാകാരമായ മേഘം വെളിച്ചതെ തടഞ്ഞ് നിഴൽ വീഴ്ത്തിയതാണ് ഇത്തരമൊരു ദൃശ്യാനുഭവത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മേഘം അസ്തമയ സൂര്യന്‍റെ നേരിട്ടുള്ള പ്രകാശത്തെ തടസ്സപ്പെടുത്തുന്നു. ഇത് മേഘത്തിന് ഇരുപുറവും രണ്ട് തരം ആകാശങ്ങളുടെ ഒരു മിഥ്യ സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. ‘സോഫ്റ്റ്‌വെയറിൽ തകരാർ സംഭവിച്ചതാകാമെന്നായിരുന്നു ഒരാൾ വിഡിയോയ്‌ക്ക് താഴെ രസകരമായി കുറിച്ച കമന്റ്.