ദുബൈയിലും ഷാർജയിലും കനത്ത മഴ; റോഡുകളിൽ വെള്ളം നിറഞ്ഞു, വിമാന സർവിസിനെയും ബാധിച്ചു

Advertisement

ദുബൈ: ദുബൈയിലും ഷാർജയിലും കനത്ത മഴ. ഇടിമിന്നലിന്റെ അകമ്പടിയോടെ വെള്ളിയാഴ്ച പുലർച്ചെ തുടങ്ങി മണിക്കൂറോളം നീണ്ട മഴയിൽ റോഡുകളും തെരുവുകളും വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും വാഹന ഗതാഗതം സ്തംഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറ പ്പെടേണ്ടതും വന്നിറങ്ങേണ്ടതുമായ 20ഓളം വിമാന സർവിസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്. ദുബൈയിലെ കറാമ, സിലിക്കൺ ഒയാസിസ് , മുഹൈസിന, ഷാർജയിലെ അൽ നഹ്ദ എന്നിവിടങ്ങളിലെല്ലാം റോഡുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്.വള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ റാസൽഖൈമയിലെ ജബൽ ജൈസ്, ദുബൈ, ഷാർജ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മഴ ലഭിച്ചിരുന്നു.
മഴ സാധ്യത കണക്കിലെടുത്ത് അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ വിദൂരപഠനത്തിന് അധികൃതർ നിർദേശം നൽകിയിരുന്നു. അസ്ഥിര കാലാവസ്ഥയുടെ സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ മാനവവിഭവ ശേഷി മന്ത്രാലയവും നിർദേശിച്ചിരുന്നു.