വൈദ്യലോകത്തിനു പുതു പ്രതീക്ഷകളുമായി ലോകത്തിലെ ആദ്യ കണ്ണ് മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ ന്യൂയോർക്കിലെ എൻവൈയു ലാൻഗോൺ ഹെൽത്ത് ആശുപത്രിയിൽ നടന്നു. അമേരിക്കയിലെ അർകാൻസസ് സ്വദേശി, നാൽപത്തിയാറുകാരനായ ആരോൺ ജെയിംസിലാണ് 21 മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയിലൂടെ പുതിയ കണ്ണ് വച്ചു പിടിപ്പിച്ചത്. മെയ് 27ന് നടത്തിയ അതി സങ്കീർണ്ണമായ ഈ ശസ്‌ത്രക്രിയയിൽ 140 ഓളം സർജന്മാരും നഴ്‌സുമാരും ആരോഗ്യ പ്രഫഷണലുകളും പങ്കെടുത്തു.
നേത്രപടലമായ കോർണിയ മാറ്റി വയ്‌ക്കുന്ന ശസ്‌ത്രക്രിയകൾ ഇപ്പോൾ വ്യാപകമാണെങ്കിലും ഇതാദ്യമായാണ് ഒരു മുഴുവൻ കണ്ണും മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയ ലോകത്ത് നടക്കുന്നത്. ലൈൻമാനായി ജോലി ചെയ്‌തിരുന്ന ആരോണിന് ഹൈവോൾടേജ് ലൈനിൽ ഉണ്ടായ അപകടത്തെ തുടർന്ന് മുഖത്തിന്റെ 50 ശതമാനവും നഷ്ടമാകുകയായിരുന്നു. ഇടത് കണ്ണ് മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയയോടൊപ്പം ആരോണിന്റെ മുഖവും ഭാഗികമായി ഡോക്ടർമാർ പുനസ്ഥാപിച്ചു. ആരോണിന്റെ കാഴ്‌ച ഇനിയും പഴയപടി പുനസ്ഥാപിക്കാനായിട്ടില്ല. എന്നാൽ വൈദ്യലോകത്തെ സംബന്ധിച്ചിടത്തോളം ഈ ശസ്‌ത്രക്രിയ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ്.
ശസ്‌ത്രക്രിയയ്ക്കിടെ ദാതാവിന്റെ മജ്ജയിൽ നിന്നുള്ള അഡൾട്ട് സ്‌റ്റം കോശങ്ങൾ ഡോക്ടർമാർ ആരോണിന്റെ ഒപ്‌റ്റിക് നാഡിയിലേക്കു കുത്തിവച്ചു. റെറ്റിനയിലേക്കുള്ള രക്തയോട്ടം നടക്കുന്നുണ്ടെന്നും കാഴ്‌ച തിരികെ കിട്ടുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്നും ഡോക്ടർമാർ പറയുന്നു. നേത്ര ചികിത്സയിലും തെറാപ്പികളിലും അനുബന്ധ മേഖലകളിലും വലിയ വഴിത്തിരിവാകും ഈ ശസ്‌ത്രക്രിയയെന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.