പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം: മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസി

Advertisement

ചെന്നൈ: കൊല്ലപ്പെട്ട എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യാനുള്ള നീക്കം സംബന്ധിച്ച മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ. നവംബർ 27 ‘വീര’ന്മാരുടെ ദിനമായി എൽടിടിഇ പ്രഖ്യാപിച്ചിരുന്നു. ഈ ദിനത്തിൽ വേലുപ്പിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്യുന്നതായിരുന്നു രീതി.

ഇതിനു സമാനമായി പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യാൻ യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽടിടിഇ അനുകൂല സംഘടനകൾ പദ്ധതിയിടുന്നതായാണ് വിവരം.

പ്രഭാകരനും ദ്വാരകയുമടക്കമുള്ളവർ ശ്രീലങ്കൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദ്വാരകയുടേതെന്നു തോന്നിപ്പിക്കുന്ന പ്രസംഗം അവതരിപ്പിക്കാനാണ് ശ്രമമെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. പ്രഭാകരനടക്കമുള്ളവർ കൊല്ലപ്പെട്ടിട്ടില്ലെന്നും ശ്രീലങ്കയിൽ നിന്നു രക്ഷപ്പെട്ടശേഷം ഒളിസങ്കേതത്തിൽ ജീവിക്കുകയാണെന്നു വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. ഇത്തരക്കാരെ സജീവമാക്കാനുള്ള നീക്കമാണ് യുകെ കേന്ദ്രീകരിച്ചു നടക്കുന്നതെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ വിലയിരുത്തൽ.

Advertisement