വിശപ്പും തീരുമാനങ്ങളും തമ്മിലെന്താണ് ബന്ധം? അറിയാനുള്ള പഠനം തുടങ്ങി

Advertisement

വിശന്നു വയറു പൊരിയുമ്പോൾ തീരുമാനങ്ങളെടുക്കാൻ അൽപം പാടാണ്. ഇതൊരു ലളിതമായ കാര്യമാണെങ്കിലും പിന്നിലുള്ള പ്രവർത്തനങ്ങൾ സങ്കീർണമാണെന്നു പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നു.

വിശപ്പുമായി ബന്ധപ്പെട്ട് ഉദരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോണിനു തലച്ചോറിൽ തീരുമാനങ്ങളെടുക്കുന്ന മേഖലയെ നേരിട്ടു ബാധിക്കാൻ കഴിയുമെന്നു പഠനം നടത്തിയത് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ്. ഗവേഷണം ‘ന്യൂറോൺ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.

ഒരൂകൂട്ടം എലികളിലായിരുന്നു പരീക്ഷണം. പലയിടങ്ങളിലായി ഭക്ഷണം വച്ചിട്ടുള്ളൊരു സ്ഥലത്ത് എലികളെ ശാസ്ത്രജ്ഞർ തുറന്നുവിട്ടു. വിശപ്പുള്ളതും, വിശപ്പില്ലാത്തതുമായ എലികൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിശപ്പ് കുറവുള്ള എലികൾ ഭക്ഷണം തിരഞ്ഞെത്തിയെങ്കിലും ഉടനടി കഴിച്ചില്ല. ഇത് എലികളുടെ ഹിപ്പോകാംപസ് എന്ന തലച്ചോർഭാഗത്തെ കോശങ്ങളുടെ പ്രവർത്തനം കൂടുന്നതിനാലാണെന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. എന്നാൽ വിശപ്പുകൂടിയ എലികളിൽ ഈ പ്രവർത്തനം കുറവാണ്. അതിനാൽ അവ ഭക്ഷണം കണ്ടെത്തിയപ്പോൾ തന്നെ കഴിച്ചു.

വിശപ്പിന്റെ ഹോർമോണായ ഘ്രെലിൻ രക്തത്തിൽ സംക്രമണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രതിഭാസമെന്നും കണ്ടെത്തി. ഭക്ഷണവുമായി നേരിട്ടു ബന്ധമില്ലാത്ത പ്രവർത്തനങ്ങളിലും വിശപ്പ് എങ്ങനെ സ്വാധീനിക്കുമെന്ന തുടരന്വേഷണത്തിലാണ് ശാസ്ത്രജ്ഞർ.

Advertisement