ഗാസയിൽ ആശ്വാസം 2 ദിവസത്തേക്ക് കൂടി; ഓരോ 10 ബന്ദികളുടെ മോചനവും വെടിനിർത്തൽ ഒരു ദിവസം കൂടി നീട്ടും: ഇസ്രയേൽ

Advertisement

ടെൽ അവീവ്: ഗാസയിൽ ആശ്വാസമായി രണ്ട് ദിവസത്തേക്ക് കൂടി വെടിനിർത്തൽ കരാർ. ഇസ്രയേലും ഹമാസും ഗാസയിൽ തങ്ങളുടെ വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ സംയുക്തമായി സമ്മതിച്ചതായി ഖത്തർ അറിയിച്ചു.

നിലവിലുള്ള മധ്യസ്ഥതയുടെ ഭാഗമായി ഗാസ മുനമ്പിൽ രണ്ട് ദിവസത്തേക്ക് കൂടി മാനുഷിക വെടിനിർത്തൽ നീട്ടാൻ ധാരണയായതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവാണ് അറിയിച്ചത്. നവംബർ 24 ന് ഇസ്രയേലും ഹമാസും പ്രഖ്യാപിച്ച നാല് ദിവസത്തെ വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് താൽക്കാലിക ആശ്വാസമായി പുതിയ പ്രഖ്യാപനം എത്തുന്നത്.

വെടിനിർത്തൽ കരാറിന്റെ ഭാഗമായി, ഒക്ടോബർ ഏഴ് മുതൽ കസ്റ്റഡിയിലുള്ള 240 ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഇസ്രയേൽ 150 പലസ്തീൻ തടവുകാരെ മോചിപ്പിക്കാനും സമ്മതിച്ചിരുന്നു. ഇതുവരെ 39 ഇസ്രായേലി ബന്ദികളെ ഹമാസും 117 ഫലസ്തീനികളെ ഇസ്രായേലും തടവിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. ഇസ്രായേലി ബന്ദികളെ കൂടാതെ, ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ജനീവ ആസ്ഥാനമായുള്ള റെഡ് ക്രോസിന് 12 വിദേശ പൗരന്മാരെയും ഹമാസ് കൈമാറിയിരുന്നു.

ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും വെടിനിർത്തൽ ഒരു ദിവസം കൂടി നീട്ടുമെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. ഖത്തർ പ്രഖ്യാപനത്തിന് ശേഷം, നിലവിൽ നിബന്ധനകൾക്ക് വിധേയമായി രണ്ട് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി ഹമാസും സ്ഥിരീകരിച്ചു.

16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിന് 49ആം നാളാണ് അയവ് വന്നത്. കഴിഞ്ഞ 24 മുതലാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് നേരത്തെ ഹമാസ് ആദ്യം മോചിപ്പിച്ചത്. അതേസമയം പലസ്തീൻ സ്ത്രീകളും കുട്ടികളും അടക്കം 117 പേരെ ഇസ്രയേൽ മോചിപ്പിച്ചിരുന്നു. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ.